സുരക്ഷാ സൂചികയില്‍ ഇന്ത്യ പാക്കിസ്ഥാനും പിന്നില്‍

ന്യൂഡല്‍ഹി: ആഗോള സുരക്ഷാ സൂചനയില്‍ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും പിന്നില്‍ മാത്രം ഇന്ത്യയ്ക്കു സ്ഥാനം. ഒരു രാജ്യത്തിലെ ജനത തങ്ങള്‍ എത്ര സുരക്ഷിതരാണെന്നു സ്വയം വിശ്വസിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ നംബിയോ എന്ന രാജ്യാന്തര ഏജന്‍സിയാണ് സുരക്ഷാസൂചിക തയാറാക്കുന്നത്. പുജ്യം മുതല്‍ നൂറുവരെയുള്ള സ്‌കെയിലില്‍ ജനങ്ങളുടെ പൊതുധാരണ രേഖപ്പെടുത്തുകയാണ് ഈ സൂചിക ചെയ്യുന്നത്. ഇന്ത്യയ്ക്ക് ഈ സൂചിക പ്രകാരം ലഭിക്കുന്നത് 67ാം സ്ഥാനം മാത്രമാണ്.
ഈ സൂചികയില്‍ പാക്കിസ്ഥാന്‍ 62ാം സ്ഥാനത്തും ശ്രീലങ്ക 61ാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. ഏറ്റവും ജീവന സുരക്ഷിതത്വം അനുഭവിക്കുന്ന ജനതയുള്ളത് യുഎഇയിലാണ്. അവിടെയുള്ള 85.2 ശതമാനം ആള്‍ക്കാരും തങ്ങള്‍ സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു. ഖത്തര്‍ മൂന്നാം സ്ഥാനത്തുണ്ട്.84.6 ശതമാനം ആള്‍ക്കാരും സുരക്ഷിതത്വബോധം അനുഭവിക്കുന്നവരാണ്. രണ്ടാം സ്ഥാനത്തു വരുന്നത് അന്‍ഡോറയാണ്. ഇന്ത്യയ്ക്ക് ആശ്വസിക്കാനും ഈ സൂചിക വക തരുന്നുണ്ട്. സുഭിക്ഷ രാജ്യങ്ങളെന്നു കരുതപ്പെടുന്ന കാനഡ 75ാം സ്ഥാനത്തും അമേരിക്ക 91ാം സ്ഥാനത്തും ഇംഗ്ലണ്ട് 86ാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. ഓസ്‌ട്രേലിയയുടെ സ്ഥാനവും ഇന്തയെക്കാള്‍ പിന്നിലാണ്-83. ലോകത്ത് ഏറ്റവും അരക്ഷിതത്വം അനുഭവിക്കുന്നതാകട്ടെ ഹെയ്തിയാണ്. അവിടെയുള്ള ജനങ്ങളില്‍ 19 ശതമാനം മാത്രമാണ് തങ്ങള്‍ സുരക്ഷിതരാണെന്നു വിശ്വസിക്കുന്നത്.