അവിഹിതം മൊബൈലില്‍ പിടിച്ച് യുവതിയോടു ഭീഷണിയും പണംതട്ടലും, രണ്ടു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: വിവാഹിതയായ യുവതിയുടെ രഹസ്യ ബന്ധം കണ്ടെത്തുകയും അവരുടെ സമാഗമം ഒളിച്ചിരുന്ന് മൊബൈലില്‍ പകര്‍ത്തുകയും അതുവച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. നടുവില്‍ പള്ളിത്തട്ട് രാജീവ് ഭവന്‍ ഉന്നതിയിലെ കിഴക്കിനടിയില്‍ ശമല്‍, നടുവില്‍ ചെറിയാണ്ടിന്റകത്ത് ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ കേസില്‍ മൂന്നാം പ്രതിയും ശമലിന്റെ സഹോദരനുമായ ശ്യാം നിലവില്‍ മറ്റൊരു കേസില്‍ റിമാന്‍ഡിലാണ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. കണ്ണൂരില്‍ തന്നെ ആലക്കോടുള്ള ഒരു യുവാവുമായി യുവതിക്ക് വിവാഹേതര ബന്ധമുണ്ടെന്നു മനസിലാക്കിയ ശ്യാമും ശമലും രഹസ്യമായി ഇവരുടെ കിടപ്പറ രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചു. അതിനു ശേഷം ആ വീഡിയോ യുവതിക്ക് അയച്ചു കൊടുത്തു. ഇതില്‍ ഭയപ്പെട്ട യുവതിയെ അവര്‍ ബ്ലാക്കമെയില്‍ ചെയ്ത് സ്ഥിരമായി പണം വാങ്ങിപ്പോരുകയായിരുന്നു. അതിനിടെ സുഹൃത്തായ ലത്തീഫിനും ഇവര്‍ വീഡിയോ കൈമാറി. ലത്തീഫാകട്ടെ വീഡിയോ വീണ്ടും യുവതിയെ കാണിക്കുകയും തനിക്കു വഴങ്ങിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതിനൊപ്പം പണവും ആവശ്യപ്പെട്ടു. സഹികെട്ട അവസ്ഥയില്‍ യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. അങ്ങനെയാണ് ഇവര്‍ അറസ്റ്റിലായത്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.