ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ വന്‍തട്ടിപ്പ് നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് തള്ളി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഇതോടെ അദാനി ഗ്രൂപ്പിന് ഇന്ത്യയിലെ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയില്‍ നിന്നു പച്ചക്കൊടിയായി. എന്നു മാത്രമല്ല ഈ ക്ലീന്‍ ചിറ്റിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പിനെതിരായ എല്ലാ നടപടികളും അവസാനിപ്പിക്കുകയും ചെയ്യും.
അദാനി പോര്‍ട്‌സും അദാനി പവറും ഓഹരികളില്‍ കൃത്രിമം കാണിച്ചുവെന്നാണ് അമേരിക്കന്‍ ഷോര്‍ട്ട് സെല്ലര്‍ കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നത്. അദാനി ഗ്രൂപ്പ് തങ്ങളുടെ കമ്പനികള്‍ക്കിടയില്‍ പണം കൈമാറാന്‍ അഡികോര്‍പ്പ് എന്റര്‍പ്രൈസസ്, മൈല്‍സ്റ്റോണ്‍ ട്രേഡ്‌ലിങ്ക്‌സ്, റെഹ്വര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളെ ഉപയോഗിച്ചു എന്നായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഓഹരി ഉടമകളുടെ താല്‍പര്യങ്ങളുടെ ലംഘനം നടന്നിട്ടില്ല എന്നാണ് സെബിയുടെ കണ്ടെത്തല്‍. എന്നു മാത്രമല്ല അദാനി ഗ്രൂപ്പ് എല്ലാ വായ്പകളും തിരിച്ചടച്ചതായും ഫണ്ടുകള്‍ എന്തിനാണോ ഉദ്ദേശിച്ചത് അതിനു മാത്രമാണ് ഉപയോഗിച്ചതെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. സെബി പറയുന്നു.
ഹിന്‍ഡന്‍ബര്‍ഗ് ശരിയല്ല, അദാനിക്ക് ക്ലീന്‍ ചിറ്റുമായി സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ

