രാജിവച്ചെങ്കിലും ലോകോര്‍ണുവിനെ വിടാതെ ഫാന്‍സ്, വീണ്ടും പ്രധാനമന്ത്രിയാക്കി

പാരിസ്: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ഫ്രാന്‍സില്‍ പ്രധാനമന്ത്രിയായി രണ്ടാമതും സെബാസ്റ്റ്യന്‍ ലെകോര്‍ണുവിനെ തന്നെ നിയമിച്ചു. രാജിവച്ച് നാലു ദിവസത്തിനു ശേഷമാണ് ലെകോര്‍ണു വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ദിവസങ്ങളോളം നീണ്ട വാശിയേറിയ ചര്‍ച്ചകള്‍ക്കും രഹസ്യധാരണകള്‍ക്കും ശേഷമാണ് ഇദ്ദേഹം വീണ്ടും പ്രധാനമന്ത്രിയാകുന്നത്. തന്റെ ദൗത്യത്തെ കടമയായി കാണുന്നുവെന്നും രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കുമെന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു മുന്തിയ പരിഗണന നല്‍കുമെന്നും ലെകോര്‍ണു വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മന്ത്രിസഭയെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സ് ഇതുവരെയില്ലാത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിരുന്നത്. പലതട്ടുകളിലായി പാര്‍ലമെന്റ് ഭിന്നിച്ചു പോയിരുന്നതിനാല്‍ കടക്കെണി പരിഹരിക്കാനുള്ള നിര്‍ണായക ബജറ്റ് പാസാക്കാന്‍ പോലും ഫ്രാന്‍സിനു സാധിച്ചിരുന്നില്ല.