ആലപ്പുഴ: കോട്ടയം ഏറ്റുമാനൂരിലെ ജെയിനമ്മ (ജെയിന്‍ മാത്യു) കൊലപാതകവുമായി ബന്ധപ്പെട്ട് സീരിയല്‍ കില്ലറെന്നു സംശയിക്കപ്പെടുന്ന ചേര്‍ത്തല പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ പുരയിടത്തില്‍ തുടരുന്ന പരിശോധനയില്‍ തുടര്‍ച്ചയായി തെളിവുകള്‍ കിട്ടിക്കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ ഉപയോഗിക്കുന്ന ഹാന്‍ഡ് ബാഗിന്റെ ഭാഗങ്ങളും വസ്ത്ര ഭാഗവും ഏതാനും അസ്ഥികളും ഒരു കൊന്തയുമാണ് ഇന്നലെ ലഭിച്ചത്. രാത്രി വൈകിയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുരയിടത്തില്‍ പരിശോധന നടക്കുകയായിരുന്നു.
രണ്ടേക്കറിലധികം വിസ്തൃതിയുള്ളതാണ് വസ്ത്രവ്യാപാരവും റിയല്‍ എസ്റ്റേറ്റ് ബിസിനസും ചെയ്തിരുന്ന സെബാസ്റ്റിയന്റെ പുരയിടം. ഇതില്‍ നിറയെ കാടുപിടിച്ച അവസ്ഥയിലാണിപ്പോള്‍. പുരയിടത്തില്‍ പല ഭാഗത്തായി മൂന്നു കുളങ്ങളുമുണ്ട്. കുളങ്ങളിലൊന്ന് ഇന്നലെ ഉച്ചയ്ക്കു ശേഷം മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ചുവെങ്കിലും അതിലെ ചെളിയും അവശിഷ്ടങ്ങളും കോരി മാറ്റുന്നത് വലിയ വെല്ലുവിളിയായി തുടരുകയാണ്. കുളത്തില്‍ നിന്നാണ് ബാഗും വസ്ത്ര ഭാഗവും ലഭിച്ചതെങ്കില്‍ മരത്തില്‍ കൊരുത്തിട്ടിരുന്ന നിലയിലാണ് കൊന്ത കണ്ടെത്തിയത്. ജെയിനമ്മ ധ്യാനത്തിനു പോകുന്നു എന്ന പേരിലായിരുന്നു വീട്ടില്‍ കഴിഞ്ഞ ഡിസംബര്‍ 23ന് ഇറങ്ങുന്നത്. മണ്ണുമാന്തിയുള്ള പരിശോധനയിലാണ് അസ്ഥിഭാഗങ്ങള്‍ കിട്ടിയത്.
പോലീസിന് അന്വേഷണത്തില്‍ തുണയായി വിദഗ്ധ പരിശീലനം സിദ്ധിച്ച കഡാവര്‍ നായയും എത്തിയിട്ടുണ്ട്. നായ എത്തി നില്‍ക്കുന്ന സ്ഥലങ്ങളിലാണ് ഇപ്പോള്‍ പരിശോധന പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനിടെ, കഴിഞ്ഞ ദിവസം ലഭിച്ച അസ്ഥികള്‍ ജെയിനമ്മയുടേതല്ലെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. കാരണം ലഭിച്ച തലയോട്ടിയില്‍ പല്ലിനു കമ്പികെട്ടിയ നിലയിലാണ്. ജെയിനമ്മയുടെ പല്ലിനു കമ്പി കെട്ടിയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഏതാനും വര്‍ഷം മുമ്പ് ചേര്‍ത്തലയ്ക്കടുത്തു നിന്നു ദുരൂഹമായി കാണാതായ ഐഷയ്ക്ക് വയ്പുപല്ലുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നുമുണ്ട്. ഇതാണ് ഐഷയുടെ കാണാതാകലുമായി സെബാസ്റ്റ്യനെ ബന്ധിപ്പിക്കുന്ന സംശയത്തിന് ഒരു അടിസ്ഥാനം. ഏതായാലും പരിശോധ നടക്കുന്ന സ്ഥലങ്ങള്‍ പോലീസ് പുറത്തു നിന്നുള്ളവരാരും കയറാത്ത രീതിയില്‍ വേര്‍തിരിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലിനോട് അശേഷം സഹകരിക്കാത്ത അവസ്ഥയിലാണ് സെബാസ്റ്റിയനെന്നു പോലീസ് പറയുന്നു.
സെബാസ്റ്റ്യന്റെ പുരയിടം ദുരൂഹതകളുടെ കേന്ദ്രം
