സെബാസ്റ്റിയന്‍ സീരിയല്‍ കില്ലറോ, പോലീസ് പരിശോധിക്കുന്നു

ചേര്‍ത്തല: കോട്ടയം അതിരമ്പുഴ സ്വദേശിയായ ജെയ്‌നമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത പൊങ്ങുംതറയില്‍ സെബാസ്റ്റിയന്‍ ഒരു സീരിയല്‍ കില്ലറാണെന്ന സംശയത്തില്‍ പോലീസ്. തികഞ്ഞ സൈക്കോപ്പാത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന സെബാസ്റ്റ്യന്‍ പൂര്‍വകാല ചരിത്രം പരിശോധനയിലാണിപ്പോള്‍. നിരവധി സ്ത്രീകളെ ഇയാള്‍ വകവരുത്തിയതായ സംശയമാണ് പോലീസ് പ്രകടിപ്പിക്കുന്നത്.
അഞ്ചു വര്‍ഷം മുമ്പു കാണാതായതും പിന്നീട് തുമ്പൊന്നും കിട്ടാതെ പോയ തിരോധാനമായിരുന്നു ചേര്‍ത്തല തെക്ക് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ വെള്ളാക്കുന്നത്ത്‌വെളി സിന്ധുവിന്റേത്. കാണാതാകുമ്പോള്‍ സിന്ധുവിന് 43 വയസായിരുന്നു പ്രായം. സിന്ധുവിൻറെ തിരോധാനത്തിനു പുറമെ കടക്കരപ്പള്ളി സ്വദേശിയായ ബിന്ദു പത്മനാഭന്റെ തിരോധാനത്തെയും സെബാസ്റ്റിയനുമായി ബന്ധിപ്പിക്കാനുള്ള സാധ്യതകള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ചേര്‍ത്തല സ്വദേശി തന്നെയായ ശാസ്താങ്കല്‍ ഐഷയുടെ തിരോധാനവും പുതിയ സംശയത്തിന്റെ നൂലിഴകള്‍ പാകുന്നതു തന്നെയാണ്.
ജെയ്‌നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട പോലീസിന്റെ അന്വേഷണമാണ് സെബാസ്റ്റിയനിലേക്കെത്തിയത്. നാട്ടുകാരൊക്കെ അമ്മാവനെന്നു വിളിക്കുന്ന സെബാസ്റ്റിയന്‍ ഇരട്ട വ്യക്തിത്വത്തിന് ഉടമയാണെന്ന് വ്യക്തമായിട്ടുണ്ട്. പോലീസിന്റെ പിടിയിലെത്തിയപ്പോഴും അക്ഷോഭ്യനായി കാണപ്പെട്ട സെബാസ്റ്റ്യന്‍ അന്വേഷണത്തെ വഴിതെറ്റിക്കുന്നതില്‍ അസാമാന്യമായ വിരുതാണ് പ്രകടമാക്കിയത്. ഇയാളുടെ വീട്ടുവളപ്പില്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ മനുഷ്യന്റെ അസ്ഥിഭാഗങ്ങള്‍ ലഭിച്ചിരുന്നു. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഡിഎന്‍എ പരിശോധന നടത്തുന്നതിനായി ജെയ്‌നമ്മയുടെ സഹോദരങ്ങളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചിട്ടുമുണ്ട്. കാണാതായ മൂന്നു സ്ത്രീകളും ഏതെങ്കിലും തരത്തില്‍ സെബാസ്റ്റ്യനുമായി ബന്ധപ്പെട്ടിരുന്നു എന്നതിന്റെ തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.