കനത്ത കടല്‍ക്ഷോഭം, മെല്‍ബണില്‍ രണ്ടു പേരെ കടലെടുത്തു. ഇന്നു വൈകുന്നേരത്തോടെ കാറ്റു കുറയും

മെല്‍ബണ്‍: കടല്‍ ക്ഷോഭിച്ച് കരയിലേക്കു കയറിയതിനെ തുടര്‍ന്ന് മെല്‍ബണിലെ തീരത്ത് രണ്ടു പേര്‍ മരിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അങ്ങേയറ്റം പ്രതികൂലമായ കാലാവസ്ഥയില്‍ കടലിലെ ജലനിരപ്പ് ഉയരുകയും തീരത്തേക്ക് കയറുകയുമായിരുന്നു. ഈ സമയത്ത് തീരത്തുണ്ടായിരുന്ന രണ്ടുപേരാണ് ശക്തമായ തിരയില്‍പെട്ട് കടലിലേക്ക് ഒഴുകിപ്പോയത്.

രണ്ടു പേരെ തിരയെടുത്തു എന്ന വാര്‍ത്ത പരന്നയുടന്‍ തന്നെ എമര്‍ജന്‍സി സര്‍വീസസ് വിഭാഗം തിരിച്ചിലിനിറങ്ങുകയുണ്ടായി. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ കടലില്‍ രണ്ടു പേരെ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചിനു ശേഷം ഫ്രാങ്ക്സ്റ്റണ്‍ ബീച്ചിലായിരുന്നു സംഭവം. കണ്ടെത്തുമ്പോള്‍ തന്നെ ഇരുവരും അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ അവരെ ഹെലികോപ്റ്ററിലേക്ക് വീണ്ടെടുക്കാന്‍ സാധിച്ചെങ്കിലും കരയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു.

ഓസ്‌ട്രേലിയയുടെ തെക്കന്‍ സംസ്ഥാനങ്ങളിലെല്ലാം അേേങ്ങയറ്റം മോശമായ കാലാവസ്ഥയാണിപ്പോള്‍. കടലിനടുത്ത് അങ്ങേയറ്റത്തെ ജാഗ്രത പാലിക്കണമെന്ന് വിവിധ ഏജന്‍സികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശിയടിച്ചത്. അതിശക്തമായ ന്യൂനമര്‍ദമാണ് കാറ്റിനു കാരണം. കാറ്റില്‍ വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതിയും തകരാറിലായിരിക്കുകയാണ്. ഇന്നു രാത്രിയും കനത്ത കാറ്റിനു തന്നെയാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഇന്നൊരു ദിവസം കൂടി ഇതേ അവസ്ഥ തുടര്‍ന്നേക്കാമെങ്കിലും അതിനു ശേഷം സ്ഥിതി മെച്ചപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *