ബൈബിള്‍ വായിച്ചിട്ടുള്ളവര്‍ക്കൊക്കെ പരിചിതമായ നാമങ്ങളിലൊന്നാണ് ഗലീലി കടലിന്റേത്. എന്നാല്‍ അടുത്തയിടെ ഇതേ ഗലീലി കടല്‍ വാര്‍ത്തകളില്‍ നിറയുകയുണ്ടായി, ചോരച്ചുവപ്പിലേക്ക് വെള്ളം നിറംമാറിയതോടെ. സമീപ്രദേശങ്ങളില്‍ താമസിക്കുന്നവരൊക്കെ പരിഭ്രാന്തരായെന്നു പ്രത്യേകം പറയേണ്ടല്ലോ. എല്ലാവരുടെയും മനസിലേക്ക് ഓടി വന്നത് ഈജിപ്തുകാരെ ശിക്ഷിക്കാനായി യഹോവ അയച്ച പത്തു വ്യാധികളുടെ കാര്യമാണ്. പുതിയ ദൈവശിക്ഷ തങ്ങള്‍ക്കു മേല്‍ നിപതിക്കുകയാണോ എന്നായിരുന്നു പ്രദേശവാസികളുടെ ഭീതി. അവസാനകാലത്തിന്റെ ആരംഭമെന്നു പോലും ഈ സംഭവത്തെ വിളിച്ചവര്‍ സാമൂഹ്യമാധ്യമങ്ങളിലും കൈയടി നേടി.
ഒടുവില്‍ ഇസ്രയേലിന്റെ പരിസ്ഥിതി മന്ത്രാലയം ശാസ്ത്രീയമായി നടത്തിയ പഠനങ്ങളുടെ ഫലം പുറത്തു വിട്ടപ്പോഴാണ് എല്ലാവര്ക്കും ശ്വാസം നേരേ വീഴുന്നത്. ശുദ്ധജല തടാകമായ ഗലീലിയില്‍ ഒരിനം പച്ചനിറത്തിലുള്ള പായല്‍ ക്രമാതീതമായി വളര്‍ന്നതിന്റെ ഫലമാണത്രേ നിറം മാറ്റം. ഈ പായലിനു മേല്‍ കടുത്ത സൂര്യപ്രകാശത്തില്‍ പ്രകൃതിദത്തമായ നിറം രൂപപ്പെടുന്നതിന്റെ ഫലമാണ് ചുവപ്പിന്റെ വേലിയേറ്റം. ഈ ചുവപ്പു നിറം നിര്ദോഷമാണെന്നു മാത്രമല്ല, ഈ വെള്ളം സാധാരണ ഉപയോഗിക്കുന്ന എല്ലാ കാര്യത്തിനും ഉപയോഗിക്കാവുന്നതുമാണ്.
ഗലീലി കടല്‍ കോപിച്ചില്ല, നിറംമാറ്റം കണ്ടു പേടിക്കേണ്ട
