മരത്തിലും പൊന്നു കായ്ക്കും, ഫിന്നിഷ് സ്പ്രൂസ് മരങ്ങളില്‍ സ്വര്‍ണത്തിന്റെ നാനോ കണങ്ങള്‍

ഹെല്‍സിങ്കി: പൊന്നെന്താ മരത്തിലാണോ കായ്ക്കുന്നതെന്നു ചോദിക്കാന്‍ വരട്ടെ, ചിലപ്പോള്‍ മരത്തിലും കായ്‌ച്ചേക്കുമെന്ന് ഫിന്‍ലന്‍ഡില്‍ നടക്കുന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശാസ്ത്രലോകം വലിയ പ്രാധാന്യമാണ് ഈ കണ്ടെത്തലിനു കൊടുത്തിരിക്കുന്നത്. ഫിന്‍ലന്‍ഡില്‍ ധാരാളമായി കണ്ടുവരുന്ന സ്പ്രൂസ് മരങ്ങളുടെ സൂചിപോലെ നീണ്ടു കൂര്‍ത്ത ഇലകളില്‍ സ്വര്‍ണത്തിന്റെ വളരെ ചെറുകണങ്ങള്‍ (നാനോ കണങ്ങള്‍) ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. മരങ്ങളില്‍ സ്വാഭാവികമായ രീതിയില്‍ സ്വര്‍ണം വിളയുമെന്ന ഈ കണ്ടെത്തല്‍ നാളെ ഏതൊക്കെ ദിശയിലേക്കു വളര്‍ന്നേക്കാമെന്നു ശാസ്ത്രലോകം അതിശയിക്കുന്നു. ഭൂമിയില്‍ തന്നെ സ്വര്‍ണം എത്തിച്ചേര്‍ന്നതെങ്ങനെയെന്നു കൃത്യമായി കണ്ടെത്താനാവാത്ത സാഹചര്യമാണ് ഇപ്പോഴുമുള്ളത്. അതിനിടയിലാണ് മരത്തില്‍ പൊന്നു കായ്‌ച്ചേക്കാമെന്ന പുതിയ അറിവിന്റെ വരവ്. മരത്തില്‍ അധിവസിക്കുന്ന ചില അതിസൂക്ഷ്മ ജീവികളാണ് ഇവയില്‍ സ്വര്‍ണത്തിന്റെ നാനോ കണങ്ങള്‍ രൂപപ്പെടാന്‍ കാരണമെന്നും ഏതൊക്കെ സൂക്ഷ്മ ജീവികള്‍ (മൈക്രോബുകള്‍) ആണ് പൊന്നുവിളയാന്‍ കാരണമെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഡിഎന്‍എ ഘടനയാണിപ്പോള്‍ പഠനവിധേയമാക്കിക്കൊണ്ടിരിക്കുന്നത്. അതു കൂടി വിജയിച്ചാല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള സ്പ്രൂസ് കൃഷിയും സ്വര്‍ണത്തിന്റെ വിളവെടുപ്പും എന്നെങ്കിലും സംഭവിച്ചുകൂടായ്കയില്ല.