സ്‌കൂളുകളിലെ ചട്ടമ്പികളെ പൂട്ടാന്‍ സര്‍ക്കാര്‍, അതിക്രമങ്ങളുടെ റിപ്പോര്‍ട്ടിംഗിന് രണ്ടു ദിവസം

കാന്‍ബറ: ഓസ്‌ട്രേലിയയിലെ സ്‌കൂളുകളില്‍ കുട്ടികള്‍ക്കിടയിലെ അതിക്രമങ്ങള്‍ ഓരോന്നും രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് പുതുതായി സ്‌കൂളുകളില്‍ പുതുതായി നടപ്പാക്കുന്ന അതിക്രമ വിരുദ്ധ ദേശീയ പദ്ധതി നിര്‍ദേശിക്കുന്നു. സ്‌കൂളുകളെ മാന്യമായി ഇടപെടലുകളുടെ വേദിയാക്കി മാറ്റുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളെ സാധാരണ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് അധ്യാപകര്‍ക്ക് മാനസികാഘാത ലഘൂകരണത്തില്‍ പരിശീലനം നല്‍കണമെന്നും സൈബര്‍ ബുള്ളിയിംഗ് തടയുന്നതിന് നടപടികള്‍ കൈക്കൊള്ളണമെന്നും പ്രശ്‌നങ്ങളെ തുടക്കത്തില്‍ തന്നെ മനസിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ വേണമെന്നും ഇതുസംബന്ധിച്ച ദേശീയ നയം ശുപാര്‍ശ ചെയ്യുന്നു.

ദേശീയ നയം തയാറാകുന്നതിനൊപ്പം ദേശീയാടിസ്ഥാനത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഒരു കോടി ഡോളര്‍ ചെലവില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതാണ്. ഇതിന്റെ ഭാഗമായി അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ബോധവല്‍ക്കരണ പരിപാടികളുണ്ടായിരിക്കും.

അടുത്ത കാലത്തായി സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കിടയിലുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന്റെ ഭാഗമായി ദുര്‍ബലരായ കുട്ടികള്‍ ആത്മഹത്യയില്‍ അഭയം തേടുന്ന കേസുകള്‍ വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആന്റി ബുള്ളിയിങ് ദേശീയ നയം രൂപീകരിക്കുന്നതിനു തീരുമാനമായത്. നയരൂപീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ട് ഫെഡറല്‍ ഗവണ്‍മെന്റിന്റെ റിപ്പോര്‍ട്ട് ശനിയാഴ്ച പ്രസിദ്ധീകരിച്ചു. അതിലാണ് പുതിയ നടപടിക്രമങ്ങള്‍ വിലയിരുത്തിയിരിക്കുന്നത്. സൈബര്‍ ബുള്ളിയിങ് സംബന്ധിച്ച പഠനത്തില്‍ അടുത്തകാലത്തായി വര്‍ധിക്കുന്ന ഡീപ് ഫേക്കിന്റെ കാര്യവും പഠനവിധേയമായിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് സിഡ്‌നിയിലെ ഒരു ഹൈസ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ ഡീപ് ഫേക്ക് അശ്ലീല ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കാനിടയായത്. ഇതില്‍ സിഡ്‌നി പോലീസിന്റെ അന്വേഷണം തുടരുന്നതേയുള്ളൂ.