മൂന്നാം വന്ദേഭാരതിന്റെ ഉദ്ഘാടന ഓട്ടത്തില്‍ കല്ലുകടി, ഗണഗീതം പാടാന്‍ കുട്ടികള്‍, എക്‌സില്‍ ഇടാന്‍ റെയില്‍വേ

കൊച്ചി: കേരളത്തിനു ലഭിച്ച മൂന്നാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയാത്രയില്‍ വിദ്യാര്‍ഥികള്‍ ആര്‍എസ്എസിന്റെ ഗണഗീതം ആലപിച്ചതും റെയില്‍വേ അത് എക്‌സില്‍ പങ്കുവച്ചതും വിവാദമായി. പല പ്രമുഖരും സംഭവം ഏറ്റുപിടിച്ചതോടെ റെയില്‍വേ തന്നെ എക്‌സിലെ പോസ്റ്റ് പിന്‍വലിച്ച് തടിതപ്പി.

എറണാകുളം-ബെംഗളൂരു റൂട്ടിലാണ് കേരളത്തിനു മൂന്നാമത്തെ വന്ദേഭാരത് ട്രെയിന്‍ ലഭിക്കുന്നത്. ഇന്നലെയായിരുന്നു അതിന്റെ ആദ്യ ഓട്ടം. മറ്റു മൂന്നു വന്ദേഭാരത് ട്രെയിനുകള്‍ക്കുമൊപ്പം ഇതിന്റെയും ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു കഴിഞ്ഞതിനു ശേഷമായിരുന്നു ബെംഗളൂരുവിലേക്കുള്ള കന്നിയാത്ര. ഈ യാത്രയിലാണ് സ്‌കൂള്‍ യൂണിഫോമില്‍ ഒരു സംഘം വിദ്യാര്‍ഥിനികള്‍ ഗണഗീതം ആലപിക്കുന്നത്. എറണാകുളം-ബെഗളൂരു യാത്രയ്ക്കിടെ സന്തോഷത്തിന്റെ ഗാനം. ആ നിമിഷത്തിന് ആവേശം പകര്‍ന്നുകൊണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദേശഗാനം ആലപിച്ചു എന്ന കുറിപ്പോടെയാണ് ഈ വീഡിയോ റെയില്‍വേ എക്‌സില്‍ പങ്കു വയ്ക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉള്‍പ്പെടെയുള്ളവര്‍ ഈ സംഭവത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു. അതോടെയാണ് റെയില്‍വേ വീഡിയോ അപ്പാടെ പിന്‍വലിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *