റിയാദ്: ഗള്‍ഫിലേക്കുള്ള തൊഴിലാളികളുടെ കുടിയേറ്റം തുടങ്ങിയ കാലം മുതല്‍ സൗദി അറേബ്യയില്‍ നിലനിന്നിരുന്ന കരിനിയമമായ കഫാല സമ്പ്രദായം ഔദ്യോഗികമായി സൗദി ഗവണ്‍മെന്റ് നിര്‍ത്തലാക്കി. ഏഴുപതിലധികം വര്‍ഷമായി കുടിയേറിയെത്തുന്ന തൊഴിലാളികളുടെ ജീവിതത്തെ അടിമജീവിതത്തിനു തുല്യമാക്കിയിരുന്ന ഈ നിയമത്തിനെതിരേ രാജ്യാന്തര തലത്തില്‍ വരെ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. അതിനാണ് ഇതോടെ അവസാനമാകുന്നത്.
ഈ നിയമമനുസരിച്ച് ഇതുവരെ ഓരോ തൊഴിലാളിയെയും ഒരു കഫീല്‍ അഥവാ പ്രാദേശിക സ്‌പോണ്‍സറുമായി ബന്ധിപ്പിച്ചിരിക്കും. സൗദിയില്‍ ഈ തൊഴിലാളിയുടെ താമസം, തൊഴില്‍, നിയമവ്യവസ്ഥകള്‍ എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ഈ പ്രാദേശിക സ്‌പോണ്‍സറായിരിക്കും. കഫീലിന്റെ നേതൃത്വത്തിലുള്ള തൊഴില്‍ വ്യവസ്ഥയാണ് കഫാല. അനേക വര്‍ഷം കൊണ്ട് കഫാല തൊഴില്‍ പീഡനത്തിന്റെയും ചൂഷണത്തിന്റെയും പര്യായമായി മാറി. ഓരോ സ്‌പോണ്‍സര്‍മാരും തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ചു വയ്ക്കുകയും അവരുടെ വേതനം തട്ടിയെടുക്കുകയും ചെയ്തു പോന്നു. ചിലപ്പോഴാണെങ്കില്‍ തൊഴിലാളികള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തു. പലരും അടിമകള്‍ക്കു തുല്യമായ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരായതും കഫാല വ്യവസ്ഥയുടെ ഭാഗമായിട്ടായിരുന്നു. തൊഴിലാളികള്‍ക്ക് തൊഴില്‍ മാറാനോ വിദേശ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനോ ഒക്കെ സ്‌പോണ്‍സറുടെ അനുമതി ആവശ്യമായിരുന്നു.
ആധുനിക അടിമത്വം എന്നായിരുന്നു കഫാല സംവിധാനത്തെ പലരും വിശേഷിപ്പിച്ചിരുന്നത്. തൊഴിലാളികളുടെ അടിസ്ഥാന സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്ന ഈ നിയമമാണ് ഇപ്പോള്‍ പിന്‍വലിച്ചിരുന്നത്. ഇതിനായി സൗദി അറേബ്യയ്ക്കു മേല്‍ രാജ്യന്തര തലത്തില്‍ നിന്നു വരെ സമ്മര്‍ദമുണ്ടായിരുന്നു.

