കുത്തി മലര്‍ത്തും, ക്വട്ടേഷന്‍ കൊടുക്കും സതീഷിന്റെ ക്രൂരതയുടെ വീഡിയോ പുറത്ത്

കൊല്ലം: ജീവനൊടുക്കിയ നിലയില്‍ ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ കാണപ്പെട്ട കൊല്ലം സ്വദേശിനി അതുല്യ നേരിട്ടിരുന്നത് കടുത്ത ശാരീരിക മാനസിക പീഢനങ്ങളെന്നു വ്യക്തമാക്കുന്ന പുതിയ വീഡിയോകളുമായി അതുല്യയുടെ കുടുംബം. നിലവില്‍ ജാമ്യത്തിലുള്ള ഭര്‍ത്താവ് സതീഷിന്റെ ജാമ്യം റദ്ദാക്കാന്‍ ഈ വീഡിയോകള്‍ കോടതിയില്‍ ഹാജരാക്കാനൊരുങ്ങുകയാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം. ഷാര്‍ജയിലിരുന്നു തന്ന് ജാമ്യത്തിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം സതീഷ് നാട്ടിലെത്തിയതിനാല്‍ ക്രൈംബ്രാഞ്ച് സംഘത്തിന് അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടേണ്ടി വന്നിരുന്നതാണ്.
ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വീഡിയോയില്‍ അതുല്യയെ ജീവിക്കാന്‍ അനുവദിക്കില്ലെന്നു ഭര്‍ത്താവ് പറയുന്നതു വ്യക്തമാണ്. മരിക്കുന്നതിന് ഏതാനും ദിവസം മാത്രം മുമ്പ് അതുല്യ റെക്കോഡ് ചെയ്തതായിരിക്കാം ഈ വീഡിയോയെന്നു കരുതപ്പെടുന്നു. അതുല്യയെ കൊലപ്പെടുത്തി ജയിലില്‍ പോകാനും മടിയൊന്നുമില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്. കുത്തിമലര്‍ത്തുമെന്നും ഷാര്‍ജ വിട്ടുപോകാന്‍ അതുല്യയെ അനുവദിക്കില്ലെന്നും ജീവിക്കാന്‍ വിടില്ലെന്നുമൊക്കെ പറയുന്നതു വ്യക്തമായി കേള്‍ക്കാം. വീഡിയോയില്‍ ഉടനീളം അതുല്യ കരയുകയാണ്. തന്റെ ഒരു മാസത്തെ ശമ്പളം വേണ്ട ഒരു ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി അതുല്യയുടെ കഥ തീര്‍ക്കാനെന്നും പറയുന്നുണ്ട്.
ഷാര്‍ജയില്‍ വച്ചു മരിച്ചതിനാല്‍ മൃതദേഹത്തിന്റെയും സംഭവസ്ഥലത്തിന്റെയുമൊക്കെ പ്രാഥമിക പരിശോധന നടന്നതും ഷാര്‍ജയില്‍ തന്നെയായിരുന്നു. ഇവ രണ്ടിലും അസ്വാഭാവികതയൊന്നുമില്ലെന്നാണ് അവിടെ നിന്നും ലഭിക്കുന്ന പോലീസ് റിപ്പോര്‍ട്ട്. മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമായിരുന്നു സംസ്‌കരിച്ചത്.