ജപ്പാന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ആദ്യമായൊരു വനിത, സാനേ തകെയ്ച്ചി ഭൂരിപക്ഷം തെളിയിച്ചു

ടോക്യോ: ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അറുപത്തിനാലുകാരിയായ സാനേ തകെയ്ച്ചി അധികാരത്തിലേറുന്നു. പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസില്‍ ഭൂരിപക്ഷം നേടുന്നതിന് മൂന്നാമത്തെ പ്രാവശ്യം ശ്രമിച്ചപ്പോഴാണിവര്‍ക്ക് എണ്ണം തികയ്ക്കാനായത്. തീവ്ര വലതുപക്ഷ അനുഭാവിയായ തകെയ്ച്ചി കടുത്ത യാഥാസ്ഥിതിക നിലപാടാണ് പുലര്‍ത്തുന്നത്. ജപ്പാന്റെ മുന്‍ ആഭ്യന്തര സുരക്ഷാ മന്ത്രിയായിരുന്നു. 465 സീറ്റുകളുള്ള ലോവര്‍ ഹൗസില്‍ 237 സീറ്റുകള്‍ നേടി നേരിയ ഭൂരിപക്ഷത്തിനാണ് അധികാരത്തിലേറുന്നത്.

ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയില്‍ നാലാം തവണയാണ് അധികാരമാറ്റമുണ്ടാകുന്നത്. അഴിമതിയുടെ പേരില്‍ ഏറെ പഴികേള്‍ക്കുന്നതിനിടെയാണ് സുസ്ഥിരമായ ഭരണം ഉറപ്പുവരുത്താന്‍ മറ്റു മൂന്നു പേര്‍ക്കും സാധിക്കാതെ പോയത്. സമ്പദ് വ്യവസ്ഥ ഏറെ തളര്‍ന്നിരിക്കുന്ന സാഹചര്യമാണ് നിലവില്‍ ജപ്പാനിലുള്ളത്. അമേരിക്കയുമായുള്ള ബന്ധം മോശമായതും ചെറിയ പ്രതിസന്ധിയല്ല സൃഷ്ടിക്കുന്നത്. അതിനൊക്കെ മുകളിലാണ് അഴിമതി മൂലമുള്ള പ്രതിഛായാനഷ്ടം. ഇങ്ങനെ പല തരത്തിലുള്ള വെല്ലുവിളികള്‍ക്കു മധ്യത്തിലേക്കാണ് കടുത്ത ചൈന വിരുദ്ധത മുഖമുദ്രയാക്കിയ തകെയ്ച്ചി അധികാരത്തിലേറുന്നത്.

ഈ മാസമാദ്യം ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അധ്യക്ഷയായി ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അപ്പോള്‍ തന്നെ പ്രധാനമന്ത്രി സ്ഥാനം ഉറപ്പായിരുന്നെങ്കിലും ഭൂരിപക്ഷം തെളിയിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പ്രധാന മന്ത്രി സ്ഥാനവും പാര്‍ട്ടി അധ്യക്ഷസ്ഥാനവും ഒരേ സമയം വഹിക്കുന്ന നേതാവായി ഇവര്‍ മാറുന്നതിനാല്‍ കുറേക്കൂടി സുസ്ഥിരമായ ഭരണമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചൈന വിരുദ്ധതയുടെ ചരടില്‍ അമേരിക്കയുമായി ബന്ധം കുറേക്കൂടി മുറുക്കമുള്ളതാക്കി മാറ്റാനും ഇവര്‍ക്കു കഴിയുന്നു. ഡൊണാള്‍ഡ് ട്രംപ് ഇവരുടെ സ്ഥാനലബ്ധിയെ അനുകൂലിച്ചതും ശുഭസൂചനകളാണ് തരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *