സ്‌നേഹത്തിനു സമലിംഗമെന്ന വേലിയെന്തിന്, ബംഗാളില്‍ രണ്ടു യുവതികള്‍ വിവാഹിതരായി, ക്ഷേത്രാചാരപ്രകാരം

സുന്ദര്‍ബന്‍സ്: ഒരേ ലിംഗത്തില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹം നഗരങ്ങളുടെ ആഡംബരത്തിന്റെ ഭാഗമെന്ന് കേന്ദ്ര ഗവണ്‍മെന്റ് ഏതാനും വര്‍ഷം മുമ്പ് ആക്ഷേപിച്ചു, ഇത്തരം വിവാഹങ്ങള്‍ക്ക് നിയമപരമായ സാധുതയില്ലെന്ന് 2023ല്‍ സുപ്രീംകോടതി വിധിച്ചു, എങ്കിലും പശ്ചിമബംഗാളിലെ ഗ്രാമീണ മേഖലയായ സുന്ദര്‍ബന്‍സില്‍ രണ്ടു യുവതികള്‍ നാട്ടുകാരുടെയും ഗ്രാമത്തിന്റെയും അംഗീകാരത്തോടെ വിവാഹിതരായിരിക്കുന്നു, അതും സ്ഥലത്തെ ക്ഷേത്രത്തില്‍ വച്ചു തന്നെ. സ്‌നേഹത്തിനു തളിരിടാന്‍ നഗരത്തിന്റെ സൗകര്യമൊന്നും വേണ്ടെന്ന് നര്‍ത്തകിമാരായ റിയയും രാഖിയും തെളിയിച്ചിരിക്കുന്നു.

24 സൗത്ത് പര്‍ഗാന ജില്ലയില്‍ നിന്നുള്ള മന്ദിര്‍ ബസാര്‍ സ്വദേശിയായ റിയ സര്‍ക്കാരും ബകുള്‍തല സ്വദേശിയായ രാഖി നാസ്‌കരുമാണ് നാട്ടുകാരെ സാക്ഷിയാക്കി വ്യത്യസ്തമായ വിവാഹത്തിനു തയാറായത്. ഇതില്‍ രാഖിയുടെ വീട്ടുകാര്‍ വിവാഹത്തിന് എതിരായിരുന്നതിനാല്‍ അതില്‍ പങ്കെടുക്കാന്‍ എത്തിയില്ല. എന്നാല്‍ റിയയുടെ വീട്ടുകാരുടെ സജീവമായ പിന്തുണ ആദ്യവസാനം ഉണ്ടായിരുന്നു. ക്ഷേത്രാചാര പ്രകാരം തന്നെയായിരുന്നു ഇരുവരുടെയും വിവാഹം. നേരില്‍ പങ്കെടുക്കാന്‍ കഴിയാത്തവരൊക്കെ ഇതിന്റെ വീഡിയോ കണ്ട് അഭിനന്ദനം അറിയിക്കുന്നുമുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഇരുവരുമൊരുമിച്ചു തന്നെയാണ് താമസം. രണ്ടു വ്യക്തികള്‍ തമ്മില്‍ സ്‌നേഹം പങ്കിടാന്‍ തീരുമാനിച്ചാല്‍ അതില്‍ ഏതു ലിംഗത്തില്‍ പെട്ടവരാണെന്ന കാര്യത്തിനു കാര്യമായ പ്രസക്തിയൊന്നുമില്ലെന്നും സ്‌നേഹമാണ് പ്രധാനമെന്നും റിയ പ്രതികരിച്ചു. പശ്ചിമ ബംഗാളില്‍ നടക്കുന്ന ആദ്യത്തെ സമലിംഗ വിവാഹമല്ല ഇവരുടേത്. നമിത ദാസ്, സുഷ്മിത ബാനര്‍ജി എന്നിങ്ങനെ പേരായ രണ്ടു യുവതികള്‍ കഴിഞ്ഞ വര്‍ഷം വിവാഹിതരായിരുന്നു. എന്നാല്‍ അവരുടെ വിവാഹം ക്ഷേത്രത്തില്‍ വച്ചായിരുന്നില്ല, സമൂഹ മാധ്യമത്തില്‍ വച്ചായിരുന്നെന്നു മാത്രം. അതിനു തൊട്ടുമുമ്പാണ് ബീര്‍ഭൂമില്‍ നിന്നുള്ള ബസുദേവ് എന്ന യുവാവ് ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി പുരുഷന്‍ തന്നെയായ പങ്കാളിയെ വിവാഹം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *