തൃശൂര്‍: ഒക്ടോബര്‍ രണ്ടിന് വിജയദശമി ദിനത്തില്‍ ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം അതിന്റെ ഒമ്പതു പതിറ്റാണ്ടു നീളുന്ന ചരിത്രത്തില്‍ ആദ്യമായി നടക്കുന്നൊരു സംഭവത്തിനു വേദിയാകും. അന്നാണ് കലാമണ്ഡലത്തിന്റെ മാത്രമല്ല, കഥകളിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായൊരു മുസ്ലീം പെണ്‍കുട്ടിയുടെ അരങ്ങേറ്റം. കേരള കലാമണ്ഡലത്തില്‍ ആദ്യമായി പ്രവേശനം നേടുന്ന മുസ്ലീം പെണ്‍കുട്ടിയും ആദ്യമായി അരങ്ങേറ്റം നടത്തുന്ന മുസ്ലീം പെണ്‍കുട്ടിയുമാകുന്നത് കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കല്‍ നിന്നുള്ള സാബ്രിയാണ്.
കലാമണ്ഡലത്തില്‍ കഥകളി കോഴ്‌സിനു പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതു തന്നെ 2021ലാണ്. 2023ലാണ് സാബ്രി പ്രവേശനം നേടുന്നത്. അന്ന് എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്ന സാബ്രി ഇപ്പോള്‍ പത്താം ക്ലാസില്‍. അതിനൊപ്പം അരങ്ങേറ്റം നടത്താനുള്ളത്ര പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇപ്പോഴിതാ ഇക്കൊല്ലത്തെ വിജയദശമി ദിനത്തില്‍ കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ അരങ്ങേറ്റമാണ്. അതോടൊപ്പം ഒരു പുതിയ ചരിത്രം പിറക്കുകയുമാണ്. കുട്ടിക്കാലം മുതല്‍ വീടിനടുത്തുള്ള അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് മുടങ്ങാതെ കഥകളി കണ്ടാണ് സാബ്രിക്ക് ഈ കലാരൂപത്തോട് പ്രിയം ജനിക്കുന്നത്. മകളുടെ പ്രിയത്തിന് പിതാവ് നിസാം എതിരു നിന്നതുമില്ല. ഫോട്ടോഗ്രാഫറായ പിതാവിനോടൊപ്പം കഥകളിയുടെ അണിയറയിലെ ഒരുക്കങ്ങളും ഇതിനിടെ കണ്ടു പരിചയപ്പെട്ടു. അങ്ങനെയാണ് ഈ ക്ഷേത്രകല പഠിക്കാനുള്ള തീരുമാനത്തിലേക്കെത്തുന്നത്.
കലാമണ്ഡലത്തില്‍ ചേര്‍ന്നപ്പോഴാകട്ടെ, ക്ലാസില്‍ ആകെ ഏഴു കുട്ടികള്‍. അതില്‍ മൂന്നു പേര്‍ ആണ്‍കുട്ടികള്‍, ഏക മുസ്ലീം തരി സാബ്രിയും. എല്ലാ ദിവസവും രാവില നാലര മുതല്‍ കഥകളി പഠനം, ഉച്ചകഴിഞ്ഞ് ഒന്നര മുതല്‍ സ്‌കൂള്‍ പഠനം എന്നതാണ് കലാമണ്ഡലത്തിലെ രീതി. അതുമായെല്ലാം വളരെ വേഗം പൊരുത്തപ്പെടുകയും ചെയ്തു. ഇപ്പോഴിതാ അരങ്ങേറ്റത്തിനു സമയമായിരിക്കുന്നു. പ്രിയപ്പെട്ട കൃഷ്ണവേഷമാണ് ഇതില്‍ സാബ്രി കെട്ടുന്നത്.
വിജയദശമിക്ക് സാബ്രി ചമയമിട്ടിറങ്ങുന്നത് പുതിയൊരു ചരിത്രമെഴുതാന്‍

