കോട്ടയം: മധ്യ തിരുവിതാംകൂറിലെയും ശബരിമല വിശ്വാസികളുടെയും ആവശ്യങ്ങളിലൊന്നായ മണിമല ശബരി എയര്‍പോര്‍ട്ടിലേക്ക് കേരളം ഒരു പടി കൂടി അടുത്തു. വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ടി വരുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലത്തിന്റെ സര്‍വേ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് പൂര്‍ത്തിയാക്കി. ഇതിന്റെയെല്ലാം ഫീല്‍ഡ് സര്‍വേയാണ് നടത്തിയത്. ആകെ 243 വ്യക്തികളുടെ സ്ഥലങ്ങളാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുക.
ഇതിനു പുറമെ നിലവില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് പൂര്‍ണമായി വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന്റെ സര്‍വേ നടപടികള്‍ ആരംഭിച്ചിട്ടേയുള്ളൂ. ഈ വസ്തുവിന്‍മേല്‍ നിരവധി കോടതി നടപടികള്‍ ശേഷിക്കുന്നതിനാല്‍ അതൊക്കെ കണക്കിലെടുത്തു മാത്രമാണ് സര്‍വേ നടത്താനാവുക. എസ്റ്റേറ്റ് പൂര്‍ണമായി സര്‍വേ നടത്തേണ്ടതുണ്ടെന്ന് മാനേജ്‌മെന്റിന് സര്‍ക്കാര്‍ കത്തു നല്‍കി കഴിഞ്ഞു. ഇതിനു മാത്രം ഫീല്‍ഡ് സര്‍വേയ്ക്കു പകരം ഏരിയല്‍ സര്‍വേയായിരിക്കും നടത്തുക. അതിന് വളരെ കുറച്ചു സമയം മാത്രമേ വേണ്ടിവരൂ.
നിലവില്‍ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കിയ സ്ഥലങ്ങളുടെ റോക്കോഡ് തയാറാക്കി റവന്യൂ വകുപ്പ് സര്‍ക്കാരിലേക്കു സമര്‍പ്പിക്കുന്നതോടെ ഇവയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി ആരംഭിക്കും. അതുകൂടി കഴിഞ്ഞാല്‍ ഭൂമി സര്‍ക്കാരിന്റെ ഉടമസ്ഥതയിലാകുകയും വിമാനത്താവളത്തിന്റെ നിര്‍മാണം ആരംഭിക്കുകയും ചെയ്യു.

