കയറില്‍ തൂങ്ങി ആഴത്തിലേക്ക്, കയറേണിയില്‍ രക്ഷയിലേക്ക്, അവിശ്വസീയം ഈ അതിജീവനം

കാലിഫോര്‍ണിയ: ആര്‍ത്തലയ്ക്കുന്ന വെള്ളച്ചാട്ടം മുന്നില്‍, ചവിട്ടി നില്‍ക്കാന്‍ ഇത്തിരിയിടത്തെ മണ്ണ് കാല്‍ക്കീഴില്‍, നാലുചുറ്റും ചോര മരവിപ്പിക്കുന്ന വിജനത. ഇതിനു നടുവില്‍ ഒരു തുള്ളി വെള്ളം കുടിക്കാനോ ഒന്നും കഴിക്കാനോ ഇല്ലാതെയൊരു മനുഷ്യന്‍. രണ്ടു മുഴുവന്‍ ദിവസം ഇതേ നില്‍പു നില്‍ക്കുക. ഒടുവില്‍ രക്ഷയുടെ നൂല്‍പാലത്തിലൂടെ ജീവിതത്തിലേക്കു പറന്നിറങ്ങുക. അതിജീവനത്തിന്റെ അസാധാരണ കഥയാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള റയാന്‍ വാര്‍ഡ്‌വെല്ലിന്റേത്.
റാപ്പെലിങ് എന്ന സാഹസിക വിനോദമാണ് റയാന് പ്രിയപ്പെട്ടത്. നെടുങ്കനെയും വളരെ ഉയരത്തിലുള്ളതുമായ സാഹസിക ലൊക്കേഷനുകളില്‍ അരയില്‍ കെട്ടിയ കയറുമായി ഊര്‍ന്നിറങ്ങുന്ന പരിപാടിയാണ് റാപ്പെലിങ്. കേണ്‍ നദിയിലെ ചെങ്കുത്തായ സെവന്‍ ടീ കപ്‌സ് എന്ന വെള്ളച്ചാട്ടത്തിലാണ് ഓഗസ്റ്റ് പത്തിന് ഒരു നീളന്‍ കയറുമായി റയാനും കൂട്ടുകാരുമെത്തുന്നത്. വെള്ളച്ചാട്ടത്തിന്റെ ഭീകരത കണ്ടതോടെ കൂട്ടുകാര്‍ മടങ്ങി. പോകുമ്പോള്‍ അവര്‍ റയാന്റെ കാറില്‍ ഒരു കുറിപ്പെഴുതി വച്ചിരുന്നു. പിറ്റേന്നും ഈ കാര്‍ ഇവിടെയുണ്ടെങ്കില്‍ കാണുന്നവര്‍ പോലീസിലറിയിക്കണമെന്ന്.
കയറില്‍ ഊര്‍ന്നിറങ്ങുന്നതിനിടെ വെള്ളത്തിന്റെ അതിശക്തമായ തള്ളലില്‍ റയാന്‍ വെള്ളച്ചാട്ടത്തിനു പിന്നിലുള്ള ഇത്തിരി തുറസിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഓഗസ്റ്റ് പതിനൊന്നിന് കാറിലെ കുറിപ്പുകണ്ട വഴിയാത്രക്കാരനാണ് പോലീസിനെ വിവരം അറിയിക്കുന്നത്. പോലീസ് ഉടന്‍ തന്നെ രംഗത്തിറങ്ങി. എല്ലാ സൗകര്യവുമുള്ളതായിരുന്നു പോലീസിന്റെ ഹെലികോപ്ടര്‍. ഇരുട്ടുവോളം തിരഞ്ഞിട്ടും ഫലമില്ല. രാത്രിയായതിനാല്‍ പോലീസ് മടങ്ങി. പിറ്റേന്ന് വീണ്ടും തിരച്ചില്‍. ഇത്തവണ തിരച്ചിലിന് ഹെലികോപ്റ്ററിനു പുറമെ ഒരു ഡ്രോണ്‍ കൂടി കരുതിയിരുന്നു. റയാനെ ജീവനോടെ കണ്ടെത്തുന്നത് ഡ്രോണിലെ ക്യാമറയാണ്.
തുടര്‍ന്ന് ഹെലികോപ്റ്റര്‍ ആ കൃത്യ സ്ഥലത്തു തന്നെയെത്തിച്ചേര്‍ന്നു. റയാനെ എയര്‍ലിഫ്റ്റ് ചെയ്തു രക്ഷിക്കുകയായിരുന്നു. സമീപത്തെ എയര്‍ സ്ട്രിപ്പില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തപ്പോള്‍ വൈദ്യസംഘം കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. വെള്ളം കിട്ടാത്തതു മൂലമുള്ള നിര്‍ജലീകരണം എന്ന അവസ്ഥയല്ലാതെ മറ്റൊരു പ്രശ്‌നവുമില്ലെന്നു കണ്ടെത്തിയപ്പോഴാണ് പോലീസിനും സമാധാനമായത്.