ഒളിക്യാമറ വച്ചുള്ള വാഷ്‌റൂം സീന്‍പിടുത്തം ഓസ്‌ട്രേലിയയിലും, പ്രതി പിടിയില്‍

മെല്‍ബണ്‍: വാഷ്‌റൂമില്‍ രഹസ്യ ക്യാമറ സ്ഥാപിച്ച് വനിതകളായ സഹപ്രവര്‍ത്തകരുടെ രഹസ്യദൃശ്യങ്ങള്‍ പകര്‍ത്തിയതിനു യുവഡോക്ടര്‍ പിടിയില്‍. സിംഗപ്പൂര്‍ സ്വദേശിയായ ട്രെയിനി ഡോക്ടര്‍ റയാന്‍ ചോ ആണ് പിടിയിലായത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന അഭിഭാഷകരുടെ വാദം മുഖവിലയ്‌ക്കെടുത്ത് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. മെല്‍ബണിലെ ഓസ്റ്റിന്‍ ഹോസ്പിറ്റല്‍, റോയല്‍ മെല്‍ബണ്‍ ഹോസ്പിറ്റല്‍, പീറ്റര്‍ മക്കല്ലം കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതി രഹസ്യദൃശ്യങ്ങള്‍ ശേഖരിച്ചത്. ഇത്തരം ദൃശ്യങ്ങളുടെ വലിയൊരു ശേഖരം സഹിതമാണ് ഡോക്ടര്‍ പിടിയിലായത്. വാഷ്‌റൂമുകളിലെ ഷവറുകളിലും മറ്റുമായിരുന്നു ക്യാമറ സ്ഥാപിച്ചിരുന്നത്.
460 പേരുടെ രഹസ്യദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. എന്തായാലും 4500 വീഡിയോ ക്ലിപ്പുകള്‍ ഇയാളുടെ ശേഖരത്തില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. കര്‍ഫ്യൂ, നിര്‍ബന്ധിത ചികിത്സ, അമ്പതിനായിരം ഡോളറിന്റെ ബോണ്ട്, മാതാപിതാക്കളുടെ സംരക്ഷണയിലുള്ള താമസം എന്നിവയാണ് ജാമ്യത്തിനുള്ള ഉപാധികളായി നിര്‍ദേശിക്കപ്പെട്ടത്. പാസ്‌പോര്‍ട്ട് കോടതി കണ്ടുകെട്ടുകയും ചെയ്തു. അടിയന്തര സാഹചര്യങ്ങളിലൊഴികെ ആശുപത്രിയില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. പ്രതി ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ ഭീഷണിപ്പെടുത്തിയിട്ടില്ല, ദൃശ്യങ്ങള്‍ മറ്റാരുമായും പങ്കുവച്ചിട്ടില്ല തുടങ്ങി പ്രതിഭാഗം വക്കീല്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി അംഗീകരിച്ചു.