ഇന്ത്യ-റഷ്യ ഭായി ഭായി ബന്ധം വളരുന്നു. പുടിന്‍ ഡിസംബര്‍ ആദ്യം ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നു പ്രതീക്ഷിക്കുന്നു. സന്ദര്‍ശനം ഉറപ്പാണെങ്കിലും തീയതിയുടെ കാര്യത്തില്‍ അവസാന തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നതിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരേ ശിക്ഷയെന്ന നിലയില്‍ അമ്പതു ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തിയിരിക്കുന്ന സാഹചര്യത്തില്‍ പുടിന്റെ സന്ദര്‍ശനത്തിനു പ്രാധാന്യമേറെയാണ്. മോദി ഇന്ത്യയില്‍ ഭരണത്തിലെത്തിയതു മുതല്‍ അമേരിക്കയുമായും പ്രത്യേകിച്ച് ട്രംപുമായാണ് അടുപ്പം സൂക്ഷിക്കുന്നതെങ്കിലും മാറിയ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമാണ് ഈ സന്ദര്‍ശനത്തിനു രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യ സന്ദര്‍ശിച്ചപ്പോള്‍ തന്നെ ഇരു രാഷ്ട്രത്തലവന്‍മാരും തമ്മില്‍ കൂടിക്കാഴ്ചയുണ്ടാകുമെന്ന കാര്യം തീരുമാനമായതായിരുന്നു. പിന്നീട് ഷാങ്ഹായ് ഉച്ചകോടിയില്‍ ബെയ്ജിങ്ങില്‍ വച്ച് മോദിയും പുടിനും കൂടിക്കാഴ്ച നടത്തിയപ്പോഴും സന്ദര്‍ശനത്തിന്റെ കാര്യം സംസാരിച്ച് ഉറപ്പിച്ചിരുന്നതാണ്. ഇപ്പോഴാണ് സന്ദര്‍ശനത്തിന്റെ തീയതി നിശ്ചയിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്.