റിയാദ്: ഫുട്‌ബോള്‍ ലോകത്തു പോര്‍ച്ചുഗലിന്റെ മേല്‍വിലാസം ഉറപ്പിച്ച ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒടുവില്‍ വിവാഹിതനാകാന്‍ തീരുമാനിച്ചു. കഴിഞ്ഞ എട്ടു വര്‍ഷമായി ജീവിത പങ്കാളിയായ ജോര്‍ജിന റോഡ്രിഗ്‌സിനെ തന്നെയാണ് ഔദ്യോഗികമായി ജീവിതത്തിലേക്കു സ്വീകരിക്കുന്നത്. പ്രതിശ്രുത വധു ജോര്‍ജിന തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ മാംഗല്യവിവരം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ എപ്പോഴായിരിക്കും വിവാഹമെന്ന കാര്യം ഇനിയും സസ്‌പെന്‍സിലാണ്. റൊണാള്‍ഡോ സമ്മാനമായി നല്‍കിയ വജ്ര മോതിരവുമണിഞ്ഞ ചിത്രത്തോടെയാണ് ജോര്‍ജിന വിവാഹവര്‍ത്തമാനം വെളിപ്പെടുത്തിയത്. ഈ മോതിരത്തിന് വജ്രവിദഗ്ധര്‍ കല്‍പിക്കുന്നത് നാല്‍പതു കോടിയോളം രൂപയാണ്.
റൊണാള്‍ഡോയും ജോര്‍ജിനയും തമ്മില്‍ കണ്ടുമുട്ടുന്നത് 2016ലാണ്. അപ്പോള്‍ റയല്‍ മാഡ്രിനുവേണ്ടിയായിരുന്നു റൊണാള്‍ഡോ കളിച്ചു കൊണ്ടിരുന്നത്. പിറ്റേവര്‍ഷത്തോടെ ഇരുവരും കടുത്ത പ്രണയത്തിലാകുകയും ഒരുമിച്ച് ജീവിതം ആരംഭിക്കുകയും ചെയ്തു. ആ സമയം ജോര്‍ജിന മാഡ്രിഡിലെ ഗുച്ചിയുടെ ഒരു സ്‌റ്റോറില്‍ സെയില്‍സ് അസിസ്റ്റന്റായി ജോലി നോക്കുകയായിരുന്നു.
റോണാള്‍ഡോയുടെ രണ്ടാം വിവാഹമാണിത്. 2010ലായിരുന്നു ആദ്യ വിവാഹം. അതില്‍ ജനിച്ച കുട്ടിയുള്‍പ്പെടെ റൊണാള്‍ഡോയുടെ അഞ്ചു കുട്ടികളും ഇവര്‍ക്കൊപ്പം തന്നെയാണ് താമസിക്കുന്നത്. അഞ്ചു കുട്ടികളില്‍ രണ്ടു പേരും വാടക ഗര്‍ഭപാത്രത്തില്‍ നിന്നാണ് പിറന്നതെന്ന പ്രത്യേകതയുമുണ്ട്.
നാല്‍പതിലെത്തിയ റൊണാള്‍ഡോ ഇപ്പോള്‍ സൗദിയിലെ അല്‍ നാസര്‍ ക്ലബ്ബിനു വേണ്ടിയാണ് കളിക്കുന്നത്. താമസം റിയാദില്‍. ജൂണില്‍ ഈ ക്ലബ്ബുമായുള്ള കരാര്‍ അവസാനിച്ചതാണ്. എന്നാലും റിയാദില്‍ തന്നെ താമസിക്കുകയാണ് ഇരുവരും. ചുരുങ്ങിയത് രണ്ടുവര്‍ഷം കൂടിയെങ്കിലും റിയാദില്‍ നിന്ന് ഇവരുടെ മേല്‍വിലാസം മാറില്ലെന്നാണ് അറിയുന്നത്.
റൊണാള്‍ഡോ വിവാഹിതനാകുന്നു, തീയതി പിന്നീട്
