മുംബൈ: ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ. കരിയറില്‍ ആദ്യമായാണ് ശര്‍മ ഒന്നാം റാങ്കിങ്ങിലെത്തുന്നത്. ഇത്രയും കൂടിയ പ്രായത്തില്‍ ഈ പദവി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനും ഇദ്ദേഹം തന്നെ. 38 വര്‍ഷവും ആറു മാസവുമാണ് രോഹിത് ശര്‍മയുടെ പ്രായം. ഇദ്ദേഹത്തിന് ഇരട്ടിമധുരമായാണ് ലോക ഹിറ്റ്മാന്റെ പദവിയെത്തുന്നത്. കഴിഞ്ഞയാഴ്ച സമാപിച്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നു മത്സര ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടതും ശര്‍മ തന്നെയായിരുന്നു.
ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയ്ക്ക് ക്യാപ്റ്റന്‍സി നഷ്ടമായതിനു ശേഷമുള്ള ആദ്യ പരമ്പരയായിരുന്നു ഓസ്‌ട്രേലിയയില്‍ നടന്നത്. ഇതില്‍ മികച്ച പ്രകടനം നടത്താനായതോടെ ലോക താരങ്ങള്‍ക്കിടയിലെ റേറ്റിങ്ങില്‍ പോയിന്റ് നില 781 ആയി ഉയരുകയായിരുന്നു. ഇതോടെ കരിയറില്‍ നിന്നു വിരമിക്കാനുള്ള സാഹചര്യം പോലും ഇദ്ദേഹത്തിന് ഒഴിവായേക്കും. രോഹിത് ശര്‍മ കളിക്കുന്ന അവസാനത്തെ മാച്ചായിരിക്കും ഓസ്‌ട്രേലിയയിലേത് എന്നായിരുന്നു പൊതുവേ കണക്കാക്കപ്പെട്ടിരുന്നത്.

