ന്യൂഡല്‍ഹി: പ്രഫഷണല്‍ ടെന്നിസില്‍ കാല് നൂറ്റാണ്ടോളം നീണ്ട സുദീര്‍ഘ കരിയറിനൊടുവില്‍ തികച്ചും അവിചാരിതമായി സമൂഹ മാധ്യമത്തിലൂടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തി രോഹന് ബൊപ്പണ്ണ. ഡബിള്‍സ് ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരവും ഏറ്റവും പ്രായം കൂടിയ ഗ്രാന്‍ഡ് സ്ലാം ജേതാവുമാണ് നാല്പത്തഞ്ചുകാരനായ ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം ബൊപ്പണ്ണ. പാരിസില്‍ ഈ മാസമാദ്യം കസാഖ്സ്ഥാന് താരം അലക്സാണ്ടര്‍ ബുബ്ലിക്കുമായി കളിക്കളം പങ്കിട്ടതാണ് ബൊപ്പണ്ണയുടെ അവസാന മത്സരം. 22 വര്‍ഷമാണ് വളരെ സജീവമായി പ്രഫഷണല്‍ ടെന്നിസില്‍ രാജ്യത്തിന്റെ സാന്നിധ്യമായി നിലകൊണ്ടത്.
2024ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ മെന്‍സ് ഡബിള്‍സ്, 2017ല്‍ ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് എന്നിങ്ങനെ രണ്ട് ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടത്തോടെയാണ് ബൊപ്പണ്ണ കരിയര്‍ അവസാനിപ്പിക്കുന്നത്. ഇതിനു പുറമെ നാല് ഗ്രാന്‍ഡ് സ്ലാം മത്സരങ്ങളില്‍ ഫൈനലിലുമെത്തിയിട്ടുണ്ട്. 2016ലെ റിയോ ഒളിമ്പിക്സില്‍ സാനിയ മിര്‍സയോടൊപ്പം മിക്സഡ് ഡബിള്‍സില്‍ നാലാം സ്ഥാനത്ത് എത്തി. ഡേവിസ് കപ്പ് മത്സരങ്ങളില്‍ രണ്ടു പതിറ്റാണ്ടോളം ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തു. ഇത്ര ദീര്‍ഘമായ കരിയറാണ് ബൊപ്പണ്ണയ്ക്ക് പ്രഫഷണല്‍ ടെന്നിസിലുള്ളത്. ടെന്നിസില്‍ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ സ്വന്തമായി ടെന്നിസ് അക്കാദമിയും ആരംഭിച്ചിട്ടുണ്ട്.

