റൈറ്റ് ടു ഡിസ്‌കണക്ട് സ്വാതന്ത്ര്യം രാജ്യം മുഴുവന്‍, എല്ലാ തൊഴിലാളികള്‍ക്കും സംരക്ഷണം ഉറപ്പ്

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ചെറുകിട വ്യവസായങ്ങളിലെ ജീവനക്കാര്‍ക്കും റൈറ്റ് ടു ഡിസ്‌കണറ്റ് സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. നേരത്തെ ഇടത്തരം, വന്‍കിട തൊഴില്‍ മേഖലകളില്‍ മാത്രമായിരുന്നു ഈ നിയമം പ്രാബല്യത്തിലുണ്ടായിരുന്നത്. ഇതനുസരിച്ച് ചെറുകിട വ്യവസായ സംരംഭങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും തങ്ങളുടെ പ്രഖ്യാപിത തൊഴില്‍ സമയത്തിനു പുറത്ത് സ്ഥാപനത്തില്‍ നിന്നു തൊഴില്‍ സംബന്ധമായി ലഭിക്കുന്ന ഫോണ്‍കോളുകള്‍ ഡ്‌സ്‌കണക്ട് ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും.
ഫെയര്‍ വര്‍ക്ക് ആക്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം മുതലാണ് ഇടത്തരം, വന്‍കിട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഈ സ്വാതന്ത്ര്യം അനുവദിച്ചിരുന്നത്.
ഈ നിയമം പ്രാബല്യത്തിലായതോടെ ഒരു സ്ഥാപനത്തിനും വേതന ലഭ്യതയുള്ള സമയത്തിനു ശേഷം തൊഴിലാളികള്‍ ഫോണ്‍ വിളികള്‍ ശ്രദ്ധിക്കാതിരിക്കുന്നതിനോ സ്വീകരിക്കാതിരിക്കുന്നതിനോ അവരെ ശിക്ഷിക്കാനാവില്ല. ഫോണ്‍ വിളികളുടെ കാര്യത്തില്‍ മാത്രമായിരിക്കില്ല ഇതു ബാധകമാകുക. ടെക്‌സ്റ്റ് മെസേജുകള്‍, ഇമെയിലുകള്‍ എന്നിവയുടെ കാര്യത്തിലും ഇതു ബാധകമായിരിക്കും. എന്നാല്‍ നിയമപ്രകാരം മുഴുവന്‍ സമയവും തൊഴില്‍ ബന്ധസേവനത്തിലായിരിക്കേണ്ട വിഭാഗങ്ങള്‍ക്ക് നിയമത്തിലെ ഈ മാറ്റം ബാധകമായിരിക്കില്ല.
ജീവനക്കാരുടെ വര്‍ക്ക്-ലൈഫ് ബാലന്‍സ് താളം തെറ്റാതെ സൂക്ഷിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള മാറ്റം നിയമത്തില്‍ തന്നെ വരുത്തിയിരിക്കുന്നതെന്ന് തൊഴില്‍ മന്ത്രി മുറെ വാട്ട് വ്യക്തമാക്കി. ഫോണുകളും ലാപ്‌ടോപ്പുകളും ഉപയോഗിച്ചുള്ള ‘ഡിജിറ്റല്‍ തുടലുകളെ’ക്കുറിച്ച് ആശങ്ക വ്യാപകമാണെന്നും അദ്ദേഹം വ്യക്തമാക്കി.