റീല്‍സിനു വേറൊരു വൈബ് വേണം, കത്തിയ ഗുണ്ടില്‍ മാരക പണി കിട്ടിയപ്പോള്‍

തൃശൂര്‍: റീല്‍സ് തലയ്ക്കു പിടിച്ചാല്‍ എന്തും ചെയ്യുന്ന തലമുറ കൈപ്പത്തി തകര്‍ന്ന യുവാവിന്റെ അനുഭവം അറിയേണ്ടതാണ്. വ്യത്യസ്തമായ റീല്‍സ് ചെയ്യുന്നതിനു വേണ്ടി ചാവക്കാട് കടപ്പുറത്തുള്ള തൊട്ടാപ്പ് ലൈറ്റ് ഹൗസിനു മുകളില്‍ കയറി ഗുണ്ട് പൊട്ടിക്കുകയാണ് അഞ്ചു യുവാക്കളുടെ സംഘം ചെയ്തത്. പക്ഷേ, പൊട്ടിയത് കൈയിലിരുന്നായിരുന്നെന്നു മാത്രം. കൈപ്പത്തി തകര്‍ന്നു തെറിച്ചു. അതോടൊപ്പം ജാമ്യമില്ലാത്ത കേസില്‍ പ്രതിയാകുകയും ചെയ്തു.
തൃശൂര്‍ ജില്ലയില്‍ തന്നെ മണത്തല ആലുങ്ങല്‍ വീട്ടില്‍ സല്‍മാന്‍ ഫാരിസാണ് ഗുണ്ടു പൊട്ടിച്ചു വ്യത്യസ്താനാകാന്‍ നോക്കി കൈയില്ലാത്ത വ്യത്യസ്തനായത്. വലതു കൈപ്പത്തി പൂര്‍ണമായി തകര്‍ന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് സല്‍മാന്‍ ഇപ്പോള്‍.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടക്കുന്നത്. ഒരു സൃഹൃത്തിന്റെ വിവാഹത്തിന്റെ ആഘോഷം ഗുണ്ടു പൊട്ടിച്ചായിരുന്നു. അവിടെ നിന്ന് ഒരു ഗുണ്ട് കൈയിലെടുത്ത് ഈ സംഘം ലൈറ്റ് ഹൗസിനു മുകളിലെത്തി. അവിടെ നിന്നു പൊട്ടിച്ച് താഴേക്കെറിയുന്നതിന്റെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം. അന്തരീക്ഷത്തില്‍ നിന്നു പൊട്ടുന്നതിന്റെ ഇഫക്ട് ശരിയാകുന്നതിനു വേണ്ടി തീകൊളുത്തിയ ഗുണ്ട് കുറച്ചുസമയം കൂടി കൈയില്‍ വച്ചുകൊണ്ടിരുന്നു. പക്ഷേ, കടല്‍ക്കാറ്റിന്റെ ശക്തിയില്‍ തിരിയിലൂടെ വളരെ വേഗം തീ കത്തിക്കയറുകയും എറിയാന്‍ സമയം കിട്ടുന്നതിനു മുമ്പ് കൈയിലിരുന്നു പൊട്ടുകയുമായിരുന്നു. സുഹൃത്തുക്കള്‍ അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ച യുവാവിന് ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സംഭവം അറിഞ്ഞെത്തിയ പോലീസ് അഞ്ചുപേരുടെയും പേരില്‍ കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തി.