കിര്‍ക്കിന്റെ കൊലയാളിയെ കണ്ടെത്താന്‍ തുണച്ചാല്‍ ഒരു ലക്ഷം ഡോളര്‍ പാരിതോഷികം

വാഷിങ്ടണ്‍: അമേരിക്കയിലെ തീവ്ര വലതുപക്ഷ നേതാവും ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും അമേരിക്കന്‍ പ്രസിഡന്റിന്റെ വിശ്വസ്തനുമായ ചാര്‍ലി കിര്‍ക്കിനെ വെടിവച്ചു കൊന്ന കുറ്റവാളിയെ കണ്ടെത്തുന്നതിനു സഹായകരമായ വിവരം നല്‍ക്കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ സമ്മാനം പ്രഖ്യാപിച്ച് അമേരിക്കന്‍ എഫ്ബിഐ. കൊലയാളിയെന്നു കരുതപ്പെടുന്ന വ്യക്തിയുടെ രണ്ടു ചിത്രങ്ങള്‍ എഫ്ബിഐ ഇതിനൊപ്പം പുറത്തിറക്കുകയും ചെയ്തു. രാജ്യമെങ്ങും കൊലയാളിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്. യുടാ വാലി സര്‍വകലാശാലയില്‍ തുറസായ സ്ഥലത്ത് വിദ്യാര്‍ഥികളുമായി സംവദിച്ചുകൊണ്ടിരിക്കേ ബുധനാഴ്ചയാണ് ചാര്‍ലി കിര്‍ക്ക് വെടിയേറ്റു കൊല്ലപ്പെടുന്നത്. ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നു വെടിവച്ചതിനു ശേഷം ആരുടെയും ശ്രദ്ധയില്‍ പെടാതെ സമീപത്തുള്ള ജനവാസ കേന്ദത്തിലൂടെ രക്ഷപെടാന്‍ കൊലയാളിക്കായിരുന്നു. കൃത്യമായി ഉന്നം പിടിച്ച് ഒരൊറ്റ വെടിയാണ് ഉതിര്‍ത്തതെങ്കിലും അതു കിര്‍ക്കിനേല്‍ക്കുകയായിരുന്നു.
എഫ്ബിഐ പുറത്തുവിട്ട ചിത്രങ്ങളിലെ വ്യക്തിയും ചെറുപ്പക്കാരന്‍ തന്നെയാണ്. ഇയാള്‍ ഒരു ബേസ്‌ബോള്‍ തൊപ്പിയും സണ്‍ഗ്ലാസും ധരിച്ചാണ് ചിത്രത്തിലുള്ളത്. കാമ്പസിനുള്ളിലെ ഒരു സ്റ്റെയര്‍ കേസിലൂടെ കയറിവരുന്നതാണ് ചിത്രത്തിലുള്ളത്.
അമേരിക്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഇയാള്‍ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന റിവോള്‍വര്‍ ഒരു ടവലില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെടുത്തിട്ടുണ്ട്. ശക്തിയേറിയ മൗസര്‍ 0.36-06 കാലിബറിന്റെ തോക്കാണിത്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടതും പഴയമോഡലുമാണിത്. ഇതില്‍ ഒരു കാട്രിഡ്ജ് മാത്രം ഉപയോഗിച്ചിട്ടുണ്ട്. തോക്കിന്‍മേല്‍ ട്രാന്‍സ്ജന്‍ഡര്‍, ആന്റി ഫാസിസ്റ്റ് അടയാളങ്ങള്‍ ദൃശ്യമാണ്. ഒരു പക്ഷേ, തെറ്റിധാരണ ജനിപ്പിക്കാന്‍ ഇവ രേഖപ്പെടുത്തിയതാകാനും വഴിയുണ്ടെന്നു മാധ്യമങ്ങള്‍ പറയുന്നു. ഈ തോക്കില്‍ നിന്നു ഡിഎന്‍എയും വിരലടയാളവും ശേഖരിക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്.