വെള്ളി വീട്ടില്‍ വച്ചിട്ടെന്തിന്… സ്വര്‍ണം പോലെ ഇനി വെള്ളിയും ഈടുവച്ച് വായ്പയെടുക്കാം, റിസര്‍വ് ബാങ്ക് അനുമതി

മുംബൈ: സ്വര്‍ണം പണയം വച്ച് വായ്പയെടുക്കുന്നത് ഇന്നു സര്‍വസാധാരണമാണ്. എന്നാല്‍ ഇനി മുതല്‍ സ്വര്‍ണം പോലെ തന്നെ ഇന്ത്യയില്‍ വെള്ളിയും പണയം വയ്ക്കാം. വെള്ളി ഈടായി വാങ്ങിക്കൊണ്ട് വായ്പ അനുവദിക്കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ ഒന്നിനാണ് വെള്ളി വായ്പയും ആരംഭിക്കുക.

വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍ എന്നിവയ്ക്കാണ് വെള്ളി വായ്പകള്‍ കൊടുക്കുന്നതിനുള്ള അനുമതിയുണ്ടാകുക. പണയം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ കാര്യത്തിലെന്ന പോലെ കൃത്യമായ പരിശോധനകള്‍ നടത്തണം. ആകെ പണയം വയ്ക്കാവുന്ന തൂക്കത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. സ്വര്‍ണമാണെങ്കില്‍ പരമാവധി ഒരു കിലോയാണ് പണയം വയ്ക്കാവുന്നത്. അതേസമയം വെള്ളി പത്തു കിലോഗ്രാം വരെ പണയം വയ്ക്കാം. വെള്ളി നാണയങ്ങളാണെങ്കില്‍ പരമാവധി അര കിലോ വരെയാണ് പണയം വയ്ക്കാവുന്നത്.

വായ്പത്തുക രണ്ടര ലക്ഷം രൂപ വരെയാണെങ്കില്‍ വെള്ളിയുടെ വിപണിവിലയുടെ 85 ശതമാനം വരെ നല്‍കാം. എന്നാല്‍ വായ്പത്തുക അഞ്ചു ലക്ഷം രൂപ വരെയാണെങ്കില്‍ വിപണി വിലയുടെ 80 ശതമാനവും അഞ്ചു ലക്ഷത്തിനു മുകളിലാണെങ്കില്‍ വെള്ളിവിലയുടെ 75 ശതമാനവും വായ്പ അനുവദിക്കാം. വെള്ളി ബാറുകള്‍, ശുദ്ധമായ വെള്ളി, വെള്ളി ഇടിഎഫുകള്‍, വെള്ളി മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവ ഈടായി സ്വീകരിക്കില്ല. വായ്പയുടെ തിരിച്ചടവിന് പരമാവധി ഒരു വര്‍ഷം വരെയാണ് കാലാവധി.

Leave a Reply

Your email address will not be published. Required fields are marked *