കൊച്ചി: വിദേശത്തു നിന്ന് നാട്ടിലെ അക്കൗണ്ടിലേക്ക് അയയ്ക്കുന്ന പണം തല്‍സമയം നാട്ടിലെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുന്നതിനു വേണ്ട സൗകര്യമൊരുക്കുകയാണ് റിസര്‍വ് ബാങ്ക്. പ്രവാസികള്‍ ഏറെക്കാലമായി ആവശ്യപ്പെട്ടു പോരുന്ന ഇക്കാര്യം അവസാനം റിസര്‍വ് ബാങ്ക് ഏറ്റെടുത്തിരിക്കുന്നു. ആറുമാസത്തിനുള്ളില്‍ ഇക്കാര്യം നേരെയാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
ചുരുങ്ങിയത് ഇരുപത്തിനാലു മണിക്കൂറാണ് ഇപ്പോള്‍ പല ബാങ്കുകളും ഇക്കാര്യത്തിനെടുക്കുന്നത്. വിദേശത്തു പണം അയയ്ക്കുന്ന ബാങ്കിനും നാട്ടില്‍ പണം സ്വീകരിക്കുന്ന ബാങ്കിനുമിടയില്‍ ബാങ്കുകളുടെ സൗകര്യത്തിനായി ഒരു നോസ്‌ട്രോ അക്കൗണ്ട് എന്ന പേരില്‍ സാങ്കേതികമായൊരു അക്കൗണ്ട് സൂക്ഷിക്കുന്നതാണ് നിലവിലെ രീതി. വിദേശത്തു നിന്ന് അയയ്ക്കുന്ന പണത്തിന്റെ ആധികാരികത ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് സാങ്കേതികമായി മാത്രമുള്ള നോസ്‌ട്രോ അക്കൗണ്ട് നാട്ടിലെ ബാങ്കുകള്‍ സൂക്ഷിക്കുന്നത്. ഈ അക്കൗണ്ടിലേക്ക് സ്വീകരിക്കുന്ന പണം എന്‍ഡ് ഓഫ് ഡേ അഥവാ ദിനാന്ത്യത്തില്‍ മാത്രം പരിശോധിക്കുന്നതുമൂലമാണ് വലിയ കാലതാമസമുണ്ടാകുന്നത്. ഈ സംവിധാനം കുറ്റമറ്റതാക്കണമെന്നാണ് റിസര്‍വ് ബാങ്ക് നാട്ടിലെ ബാങ്കുകളോട് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ ഇടപാടുകളും ഡിജിറ്റലായിരിക്കുന്ന ഇക്കാലത്ത് ഇതിനു മാത്രമായി കാലതാമസത്തിന്റെ ആവശ്യമില്ലെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ഡിജിറ്റല്‍ ഇടപാടുകളുടെ ഇക്കാലത്ത് പണത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ അരമണിക്കൂറിലധികം ആവശ്യമില്ലെന്ന് റിസര്‍വ്് ബാങ്ക് വ്യക്തമാക്കുന്നു. ഈ കാലതാമസം പോലും ഉപഭോക്താക്കള്‍ക്ക് ട്രാക്ക് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതും അനായാസമാണെന്ന് റിസര്‍വ് ബാങ്ക് ഓര്‍മപ്പെടുത്തുന്നു. നാട്ടിലെ ബാങ്കുകളുടെ വിദേശത്തുള്ള നോസ്‌ട്രോ അക്കൗണ്ടില്‍ പണമെത്തിയാലുടന്‍ നാട്ടിലെ അക്കൗണ്ട് ഉടമകളെ അതു സംബന്ധിച്ച് അറിയിക്കണമെന്നും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തിലുണ്ട്. പുതിയ രീതിയിലേക്ക് കാര്യങ്ങള്‍ മാറ്റുന്നതിന് നിലവില്‍ ആറു മാസം മാത്രമാണ് സമയം കൊടുത്തിരിക്കുന്നത്.

