എന്നാലും എന്റെ (പന്നി)കരളേ, പന്നിയുടെ കരള്‍ മനുഷ്യന് പറ്റുമോ, വൈകാതെ അറിയാം

ബെയ്ജിങ്: പന്നിയുടെ കരള്‍ മനുഷ്യശരീരത്തിനു സ്വീകരിക്കാന്‍ കഴിയുന്ന ഘടനയിലേക്കു മാറ്റുന്നതിനുള്ള ഗവേഷണം ചൈനയില്‍ വിജയത്തോടടുക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം പന്നിയുടെ കരള്‍ എഴുപത്തൊന്നു വയസായ ഒരാളിലേക്ക് മാറ്റിവച്ചത് ഭാഗികമായി വിജയം കണ്ടിരുന്നു. എന്നാല്‍ അതിലെ പോരായ്മകള്‍ പഠന വിധേയമാക്കിയ ശേഷം ജനിതക മാറ്റം വരുത്തിയ പന്നിക്കരള്‍ ഉപയോഗിക്കാനാണ് ഇപ്പോഴത്തെ പരിശ്രമം. ഇക്കുറി പോരായ്മകളെല്ലാം പരിഹരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പന്നിയുടെ കരള്‍ സ്വീകരിച്ച രോഗി അതുമായി ആറു മാസത്തോളം ജീവിച്ചിരുന്നതാണ് പുതിയ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിയത്. ഭാഗികമായി മാത്രം മുറിച്ചു മാറ്റേണ്ടി വന്ന രോഗിയുടെ സ്വന്തമായി ശേഷിച്ചിരുന്ന കരള്‍ ഭാഗത്തിനു സഹായ അവയവമെന്ന നിലയിലായിരുന്നു അപ്പോള്‍ പന്നിക്കരള്‍ സ്ഥാപിച്ചത്. അതിനു ശേഷമുള്ള ആദ്യത്തെ ഒരു മാസം രോഗിയുടെ ശരീരം സാധാരണ പോലെ തന്നെ പ്രവര്‍ത്തിച്ചിരുന്നതാണ്. പിത്തരസത്തിന്റെ ഉല്‍പാദനവും മറ്റു ശാരീരിക പ്രവര്‍ത്തനങ്ങളും മുടക്കം കൂടാതെ നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ദഹന നാളത്തില്‍ രക്തസ്രാവമുണ്ടായതാണ് രോഗി മരണത്തിനു കീഴടങ്ങാന്‍ കാരണമായത്.

പന്നിയുടെ കരളില്‍ ജനിതക മാറ്റം നടത്തിയാണ് അടുത്ത പരീക്ഷണത്തിനു തയാറാക്കിക്കൊണ്ടിരിക്കുന്നത്. ആന്റിബോഡികള്‍ നിരസിക്കുന്നതിനു കാരണമായ മൂന്നു ജീനുകള്‍ പന്നിയുടെ കരളില്‍ നിന്നു നീക്കം ചെയ്യുകയും ഏഴു മനുഷ്യ ജീനുകള്‍ കരളിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്താണ് ജനിതക മാറ്റം വരുത്തിയത്. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന ഏതെങ്കിലും രോഗിയില്‍ ഇതിന്റെ വിജയ സാധ്യത പരീക്ഷിക്കാനാണിപ്പോള്‍ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *