ചെന്നൈ: മദ്രാസ് ഐഐടിയുടെ ഈ കണ്ടുപിടുത്തം പ്രായോഗിക തലത്തിലേക്കെത്തിയാല്‍ ഇനി വിമാനങ്ങളുടെ ടേക്ക് ഓഫും ലാന്‍ഡിങും അള്‍ട്രാ മോഡേണാകും. നിരപ്പായ പ്രതലത്തിലെ റണ്‍വേയിലൂടെ ഓടി ടേക്ക് ഓഫ് ചെയ്യുകയും ലാന്‍ഡ് ചെയ്യുകയും ചെയ്യുന്ന രീതി വെറും പഴഞ്ചനായി മാറുമെന്നുറപ്പ്. നേരേ കുത്തനെ മുകളിലേക്കു പറന്നുയരരുകയും അതുപോലെ തന്നെ താഴുകയും ചെയ്യുന്നതിനു സഹായിക്കുന്ന കണ്ടുപിടുത്തമാണ് മദ്രാസ് ഐഐടിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ലാന്‍ഡിങ് തികച്ചും വിജയം.
ഒരു ഹൈബ്രിഡ് റോക്കറ്റ് ത്രസ്റ്ററിനെ വെര്‍ച്വല്‍ സിമുലേഷന്‍ സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ചാണ് ലംബമായി ലാന്‍ഡിങ് പരീക്ഷണ ഘട്ടത്തില്‍ നടത്തിയത്. റോക്കറ്റ് ഒരു കുഴപ്പവുമില്ലാതെ സോഫ്റ്റ് ലാന്‍ഡിങ് നടത്തി. റോക്കറ്റിനാവശ്യമായ ഹൈബ്രിഡ് റോക്കറ്റ് ഇന്ധനം വികസിപ്പിച്ചതും ഇതേ ഗവേഷകര്‍ തന്നെ. ഇതിന് ഓക്‌സിഡൈസറായി കംപ്രസ് ചെയ്ത വായുവാണ് ഉപയോഗിച്ചത്. സാധാരണ ഗതിയില്‍ വിമാനങ്ങളിലും മറ്റും ഓക്‌സിഡൈസര്‍ ദ്രാവകരൂപത്തിലാണ് ഉപയോഗിക്കുകയെങ്കില്‍ ഇവിടെ വായു തന്നെ കംപ്രസ് ചെയ്ത് ഉപയോഗിക്കുകയായിരുന്നു. നിലവിലുള്ള വിമാനങ്ങളില്‍ ഈ സംവിധാനം ഉപയോഗിച്ചാല്‍ സുരക്ഷിതത്വം കൂടുമെന്നാണ് ഗവേഷകരുടെ പക്ഷം.
ഈ പരീക്ഷണം വിമാനങ്ങളില്‍ ഉപയോഗിച്ചാല്‍ ഭാവിയില്‍ റണ്‍വേകള്‍ വേണ്ടിവരില്ലെന്നു ഗവേഷകര്‍ പറയുന്നു. ഏതു ദുര്‍ഘടമായ പ്രദേശത്തും പര്‍വതങ്ങളിലും ദ്വീപുകളിലുമൊക്കെ വിമാനങ്ങള്‍ ഇറക്കാനും പറന്നുയരുന്നതിനും സാധിക്കുമെന്ന് ഇവര്‍ പറയുന്നു.

