മുംബൈ: റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് ജെമിനൈ പ്രോ സൗജന്യമായി ലഭിക്കുന്ന പദ്ധതി റിലയന്‍സ് പ്രഖ്യാപിച്ചു. ഇതിനായി റിലയന്‍സും ഗൂഗിളും തമ്മില്‍ കരാര്‍ ഒപ്പിട്ടു. പതിനെട്ടു മാസത്തേക്കുള്ള സേവനമാണ് തികച്ചും സൗജന്യമായി ലഭിക്കുക. ഇതിന്റെ നിലവിലുളള മാര്‍ക്കറ്റ് വാല്യു നോക്കിയാല്‍ 35000 രൂപയോളം വരും. പതിനെട്ടു വയസിനു മുകളിലും ഇരുപത്തഞ്ച് വയസിനു താഴെയുമുള്ളവര്‍ക്കു മാത്രമായി ഈ ഓഫര്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. 349 രൂപ മുതല്‍ മുകളിലേക്കുള്ള 5ജി പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്കായിരിക്കും ഈ സൗജന്യം ലഭിക്കുക.
അണ്‍ലിമിറ്റഡ് ചാറ്റ്, രണ്ടു ടിബി ക്ലൗഡ് സ്റ്റോറേജ്, വിഇഒ 3.1 ഉപയോഗിച്ചുള്ള വീഡിയോ ജനറേഷന്‍ നാനോ ബനാന ഉപയോഗിച്ചുള്ള ഇമേജ് ജനറേഷന്‍ തുടങ്ങിയവ ജെമിനൈയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചു ലഭ്യമാക്കും. പുതിയ ഓഫറിലൂടെ ഗൂഗിളിന്റെ എഐ ടൂളുകളിലേക്ക് പരിധിയില്ലാത്ത അക്‌സസും റിലയന്‍സ് ഓഫര്‍ ചെയ്യുന്നുണ്ട്. ഫോട്ടോസ്, ഡ്രൈവ്, ജിമെയില്‍ എന്നിവയിലെല്ലാം ബാധകമാകുന്ന വിധത്തില്‍ രണ്ടു ടിബി സ്റ്റോറേജും ലഭിക്കും. ഫിലിം മേക്കിങ്ങിനു സഹായകമാകുന്ന വിഇഒ 3യിലൂടെ പുത്തന്‍ എഐ വീഡിയോകള്‍ നിര്‍മിക്കാനും സാധിക്കും.

