ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താന്‍ റിലയന്‍സ് തീരുമാനിക്കുന്നു. റഷ്യയില്‍ നിന്ന് പ്രതിദിനം അഞ്ചുലക്ഷം ബാരല്‍ എണ്ണയാണ് റിലയന്‍സ് ഇറക്കുമതി ചെയ്യുന്നത്. റഷ്യയിലെ സ്വകാര്യ കമ്പനിയായ റോസ്നെഫ്റ്റില്‍ നിന്നാണ് ഇത്രയും എണ്ണയും വാങ്ങിക്കൊണ്ടിരുന്നത്. ഇതു മുഴുവനുമാണ് ഒഴിവാക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റെ ട്രംപ് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്ന കമ്പനികളിലൊന്നാണ് റോസ്നെഫ്റ്റ്. റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് യുഎസ് ഉപരോധം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോഴേ റോസ്നെഫ്റ്റിന്റെ ഗുണഭോക്താവായ റിലയന്‍സിന്റെ ഓഹരിവിലയില്‍ ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് ഇറക്കുമതി അവസാനിപ്പിക്കാന്‍ തീരുമാനമെടുക്കുന്നത്.
റഷ്യയുടെ രണ്ട് പ്രധാന എണ്ണ കമ്പനികള്‍ക്കു നേരേ ഡൊണാള്‍ഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചു. റോസ്നെഫ്റ്റ്, ലുക്ഓയില്‍ എന്നീ കമ്പനികളാണ് ഉപരോധത്തില്‍ പെട്ടിരിക്കുന്നത്. ഇവ രണ്ടുമാണ് റഷ്യയിലെ ഏറ്റവും വലിയ രണ്ടു സ്വകാര്യ എണ്ണ കമ്പനികള്‍. ഇന്ത്യയിലെ റിലയന്‍സ് അടക്കം പല പ്രമുഖ എണ്ണ ഇറക്കുമതി കമ്പനികള്‍ക്കും റഷ്യയില്‍ നിന്ന് എണ്ണ നല്‍കുന്നത് ഈ കമ്പനികള്‍ രണ്ടുമാണ്. യുക്രെയ്ന് യുദ്ധം ആരംഭിച്ചതിനു ശേഷം റഷ്യയ്ക്കെതിരേ യുഎസ് പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ ഉപരോധമാണ് ഇന്നത്തേത്.

