സിഡ്നി: ഐഎസ് വധുക്കളായി രാജ്യം വിട്ട ഓസ്ട്രേലിയന്‍ യുവതികളെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നതായ വിഷയത്തില്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളിലേക്ക് ശ്രദ്ധ ക്ഷണിക്കവേ അവയെ ആല്‍ബനീസി നിഷേധിക്കുകയാണുണ്ടായത്. അതേ സമയം ഇത്തരം ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണെന്നാണ് എന്‍എസ്ഡബ്ല്യു പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി പോലീസ് കമ്മീഷണറും തീവ്രവാദ വിരുദ്ധ വിഭാഗത്തിന്റെ മേധാവിയുമായ ഡേവ് ഹഡ്സന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിലാണ് കഴിഞ്ഞ ബുധനാഴ്ച പാര്‍ലമെന്റില്‍ ആല്‍ബനീസി നടത്തിയ നിഷേധ പ്രസ്താവന സത്യവിരുദ്ധമായിരുന്നുവെന്നു മാധ്യമങ്ങള്‍ പറയുന്നത്.
ഹഡ്സന്‍ വെളിപ്പെടുത്തുന്നതനുസരിച്ച് ഐഎസ്ഐഎസ് വധുക്കളെ തിരികെ കൊണ്ടുവരുമെന്ന കാര്യത്തില്‍ സംശയമൊന്നുമേയില്ല. എന്നു മാത്രമല്ല ഇവരുടെ പുനരധിവാസത്തില്‍ എന്‍എസ്ഡബ്ല്യു പോലിസിനു നിര്‍ണായകമായ പങ്കുണ്ടായിരിക്കുകയും ചെയ്യും. ഇക്കാര്യം കോമണ്‍വെല്‍ത്തില്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയുമാണ്. ഇക്കാര്യത്തില്‍ ന്യൂ സൗത്ത് വെയ്ല്‍സ് ഗവണ്മെന്റിനും പോലീസ് സേനയ്ക്കും കോമണ്വെല്ത്തിനുമുള്ള ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന കാര്യത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയുമാണ്. വിദേശങ്ങളില്‍ യുദ്ധ സേവനങ്ങള്‍ക്കു പോയിരുന്നവരുടെ ഭാര്യമാരുടെയും മക്കളുടെയും കാര്യത്തില്‍ എന്തൊക്കെയാണോ ചെയ്തിരുന്നത് അതൊക്കെ തന്നെയായിരിക്കും ഇവരുടെ കാര്യത്തിലും ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഐഎസ് വധുക്കളായി രാജ്യംവിട്ടവരുടെ മടക്കം-അല്‍ബനീസി തെറ്റിദ്ധരിപ്പിച്ചുവോ
