പത്തനംതിട്ട: തിരുവല്ലയിലെ വീട്ടമ്മയുടെയും രണ്ടു പുത്രിമാരുടെയും തിരോധാനത്തില്‍ ഒരു തുമ്പും കിട്ടാതെ പോലീസ്. ഇവരെ കാണാതായിട്ട് പതിനൊന്നു ദിവസമായെങ്കിലും പോലീസ് അന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ല. തിരുവല്ലയ്ക്കടുത്ത് നിരണത്തു വാടകയ്ക്ക് താമസിക്കുകയായിരുന്ന റീന, പുത്രിമാരായ അക്ഷര, അല്‍ക്ക എന്നിവരെയാണ് കാണാതായത്.
ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു കിട്ടിയിട്ടുണ്ടെങ്കിലും അന്വേഷണം തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണിപ്പോഴും. ജില്ലാ പോലീസ് സൂപ്രണ്ട് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. കാണാതായതായ വിവരം റീനയുടെ ഭര്‍ത്താവ് പോലീസില്‍ അറിയിക്കുന്നത് തിരോധാനത്തിനു രണ്ടു ദിവസത്തിനു ശേഷം മാത്രമാണ്. അതിനാല്‍ തുടക്കത്തില്‍ ഭര്‍ത്താവ് തന്നെയായിരുന്നു പോലീസിന്റെ സംശയലിസ്റ്റില്‍ ഒന്നാമതായി വന്നിരുന്നത്. എന്നാല്‍ ഇവര്‍ പുറപ്പെട്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ ആ സംശയത്തിന് അറുതിയായെങ്കിലും അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകുന്നില്ല. ദൃശ്യങ്ങളില്‍ ഇവര്‍ ഒരു യാത്ര പോകുന്നതായാണ് കാണുന്നത്. റീനയുടെയും മക്കളുടെയും കൈവശം ബാഗുകളുണ്ട്. എന്നാല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നോ ബസ് സ്റ്റാന്‍ഡില്‍ നിന്നോ ഇവര്‍ പോകുന്നതിന്റെ മറ്റു ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടുമില്ല. സംസ്ഥാനമൊട്ടാകെ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്.
പതിനൊന്നു ദിവസമായി കാണാതായിട്ട്, തിരുവല്ലയിലെ വീട്ടമ്മയും മക്കളും എവിടെ
