ഖാര്‍ത്തും: സുഡാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക നിര്‍ദേശിച്ച വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതായി വിമത സേന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) അറിയിച്ചു. സിവിലിയന്‍ ജനതയ്ക്ക് സഹായമെത്തിക്കാന്‍ ഉദ്ദേശിച്ചുള്ള ഇടക്കാല വെടിനിര്‍ത്തല്‍ മാത്രമായിരിക്കും ഇപ്പോഴത്തേതെന്ന് അവര്‍ വ്യക്തമാക്കി. സൗദി, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങളും മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തുണ്ടായിരുന്നു. എ്ന്നാല്‍ വിമത സേന ആയുധം താഴെവച്ച് സിവിലിയന്‍ മേഖലയില്‍ നിന്നു പിന്മാറാതെ വെടിനിര്‍ത്തല്‍ അംഗീകരിക്കില്ലെന്നാണ് ഔദ്യോഗിക സേനയുടെ നിലപാട്.
2023 ഏപ്രിലിലാണ് സുഡാനിലെ ഗവണ്മെന്റ് സേനയും വിമത സേനയായ ആര്‍എസ്എഫും തമ്മിലുള്ള സംഘര്‍ഷം ആരംഭിക്കുന്നത്. സര്‍ക്കാരിന്റെ തന്നെ അര്‍ധ സൈനിക വിഭാഗമായിരുന്ന ആര്‍എസ്എഫ് ഭരണം പിടിക്കാനായി ആയുധങ്ങളുമായി തെരുവിലിറങ്ങുകയായിരുന്നു. ആഭ്യന്തര യുദ്ധത്തില്‍ മുന്‍തൂക്കം വിമത സേനയ്ക്കു തന്നെയാണ്. കാര്യമായ ചെറുത്തു നില്പിനു പോലും പലയിടത്തും ഗവണ്‍മെന്റ്് സേന തയാറാകുന്നില്ലെന്നു പറയുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി അതിക്രൂരമായ ആക്രമണമാണ് വിമതസേന സിവിലിയന്മാര്ക്കു നേരേ അഴിച്ചു വിടുന്നത്, എല്‍ ഫാഷര്‍ എന്ന നഗരത്തില്‍ മാത്രം ആയിരക്കണക്കിനു സിവിലിയന്മാരെയാണഅ വെടിവച്ചു കൊന്നത്. ഇതിനെതിരേ ലോക രാജ്യങ്ങളില്‍ നിന്നും ജനങ്ങളുടെ ഭാഗത്തു നിന്നും കടുത്ത എതിര്‍പ്പായിരുന്നു ഉയര്‍ന്നിരുന്നത്.

