സിഡ്നി: ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്ക് കാഷ് റേറ്റില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്താന്‍ തീരുമാനിച്ചതായി അര്ബിഎ ഗവര്‍ണര്‍ മിഷേല്‍ ബുള്ളക്ക് അറിയിച്ചു. ഈ വര്‍ഷം ഇതു മൂന്നാമത്തെ തവണയാണ് കാഷ് റേറ്റില്‍ കുറവു വരുത്തുന്നത്. നേരത്തെ ഫെബ്രുവരിയിലും മേയ് മാസത്തിലും ഇത്തരം കുറവു വരുത്തിയിരുന്നതാണ്.
സ്വന്തം ആസ്തികള്‍ പണയപ്പെടുത്തി വായ്പകളെടുത്തിരിക്കുന്നവര്ക്ക് റേറ്റിലെ കിഴിവ് മെച്ചം ചെയ്യുമെന്നാണ് സാമ്പത്തിക കാര്യ വെബസൈറ്റായ കാന്സ്റ്റര് പറയുന്നത്. ഇരുപത്തഞ്ചു വര്‍ഷ കാലാവധിയില്‍ അഞ്ചു ലക്ഷം ഡോളര്‍ വായ്പയെടുത്തിരിക്കുന്നയാള്ക്ക് മാസംതോറും 74 ഡോളര്‍ വീതം ലാഭിക്കാന്‍ കഴിയുമെന്ന് കാന്സ്റ്റര് കണക്കു കൂട്ടുന്നു. വായ്പത്തുക കൂടുന്നതനുസരിച്ച് ആദായത്തിന്റെ തോതും ഉയര്‍ന്നു കൊണ്ടിരിക്കും. ഇതിനു മുമ്പത്തെ രണ്ടു റേറ്റ് കുറയ്ക്കല്‍ കൂടി കണക്കിലെടുത്താല്‍ അഞ്ചു ലക്ഷം ഡോളറിന്റെ വായ്പക്കാരന് മൊത്തം ലഭിക്കുന്ന മെച്ചം പ്രതിമാസം 226 ഡോളറിന്റെയായിരിക്കും.
റേറ്റ് കട്ടിന്റെ മൊത്തം മെച്ചവും ഉപഭോക്താക്കളിലേക്കു കൈമാറാന്‍ തയ്യാറാണെന്ന് പല ബാങ്കുകളും ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ മേഖലയിലെ പ്രമുഖരായ വെസ്റ്റ്പാക് ഓഗസ്റ്റ് 26 മുതല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക മെച്ചം കൈമാറാന്‍ തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ബാങ്കിന് ഈ തീയതി ഓഗസ്റ്റ് 22 ആണ്. റേറ്റ് കട്ടിന്റെ പേരില്‍ ലഭിക്കുന്ന ആദായമെടുക്കാന്‍ ശ്രമിക്കാതെ നേരത്തെയുണ്ടായിരുന്ന തിരിച്ചടവ് തന്നെ തുടരുന്നതായിരിക്കും നല്ലതെന്ന ഉപദേശമാണ് കാന്‍സ്റ്റാര്‍ വിദഗ്ധന്‍ സാലി ടിന്‍ഡാല്‍ നല്‍കുന്നത്. ഇങ്ങനെ ചെയ്താല്‍ വായ്പാ ഭാരത്തില്‍ നിന്ന് പഴയതിനെക്കാള്‍ നേരത്തെ തലയൂരാന്‍ പറ്റുമെന്നാണ് ടിന്‍ഡാലിന്റെ ഉപദേശം.
റേറ്റ് കട്ട് 0.25%, വായ്പ എടുത്തവര്‍ക്ക് മെച്ചം
