റായ്പൂര്‍: നായനക്കി പോയെന്നു കേട്ടിട്ടേയുള്ളൂ. എന്നാല്‍ ഛത്തീസ്ഗഡിലെ ബലോദബസാര്‍ സ്കൂളില്‍ നായ നക്കിയതൊന്നും പോയില്ല, പട്ടി കഴിഞ്ഞാല്‍ കുട്ടി എന്ന രീതിയില്‍ ആ ഭക്ഷണം മുഴുവന്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി വിളമ്പി. ഒരു സര്‍ക്കാര്‍ സ്കൂളിലാണ് ഈ നിരുത്തരവാദപരമായ കാര്യം സംഭവിച്ചതെന്നു കൂടി ഓര്‍ക്കണം. മലയാളി കന്യാസ്ത്രീകളെ ഇല്ലാക്കഥ സൃഷ്ടിച്ച് ജയിലിലടച്ച ഛത്തീസ്ഗഡില്‍ നിന്നു വരുന്ന വാര്‍ത്തകളൊന്നും ശുഭകരമല്ലെന്നു ചുരുക്കം.
ബലോദബസാര്‍ ജില്ലയിലെ ലച്ഛന്പൂരിലെ സര്‍ക്കാര്‍ മിഡില്‍ സ്കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം നല്കാന് തയാറാക്കിയ പച്ചക്കറിക്കൂട്ടാനിലാണ് നായ ആദ്യം രുചി നോക്കിയത്. ഇതു കണ്ടു നിന്ന കുട്ടികള്‍ ഉടന്‍ തന്നെ വിവരം സ്കൂള്‍ അധികൃതരെ അറിയിക്കുകയും ചെയ്തു. പുറത്തു നിന്നുള്ള ഏജന്‍സിക്കാണ് സ്കൂളില്‍ ഉച്ചഭക്ഷണത്തിന്റെ ഉത്തരവാദിത്വം. ഭക്ഷണം തയാറാക്കുന്നതും വിളമ്പുന്നതുമെല്ലാം അവര്‍ തന്നെ. വിദ്യാര്‍ഥികളില്‍ നിന്നറിഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ ഭക്ഷണം കുട്ടികള്‍ക്കു നല്‍കരുതെന്ന് സ്കൂള്‍ അധികൃതര്‍ ബന്ധപ്പെട്ട ഏജന്‍സിയെ അറിയിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അവരത് കൂട്ടാക്കിയല്ലത്രേ. ഇതേ ഭക്ഷണം തന്നെ കുട്ടികള്‍ക്കു വിളമ്പുകയും ചെയ്തു.
വൈകുന്നേരം കുട്ടികള്‍ വീട്ടിലെത്തിയപ്പോള്‍ മാതാപിതാക്കളോടു സംഭവം വിവരിക്കുകയുണ്ടായി. ഇതു കേട്ട് പരിഭ്രാന്തരായ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ സ്ഥലത്തെ ആശുപത്രിയിലെത്തിച്ച് പേയ് വിഷബാധയ്ക്കെതിരേയുള്ള പ്രതിരോധ കുത്തിവയ്പ് എടുപ്പിച്ചു. പേയ് വിഷ ബാധ സ്ഥിരീകരിച്ചതു കൊണ്ടല്ല, മുന്‍കരുതല്‍ എന്ന നിലയിലാണ് കുത്തിവയ്പ് നല്‍കിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
കാര്യങ്ങള്‍ ഇത്രയുമായപ്പോള്‍ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് നേരിട്ട് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അദ്ദേഹം സ്കൂളിലെത്തുകയും അധികൃതരില്‍ നിന്നു മൊഴിയെടുക്കുകയും ചെയ്തു. സ്കൂള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ എംഎല്‍എ സന്ദീപ് സാഹു കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തു.

