വയറിന് എട്ടിന്റെ പണി കിട്ടാതിരിക്കാന്‍ ഈ വഴികള്‍
ഇന്നത്തെ തിരക്കേറിയ ജീവിത ശൈലിയില്‍ ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജില്‍ വച്ച് പിന്നീടുള്ള ദിവസങ്ങളില്‍ ചൂടാക്കി എടുക്കുന്നത് പതിവാണ്. ഫ്രിഡ്ജില്‍ കൃത്യമായ താപനിലയില്‍ അടച്ചു സൂക്ഷിച്ചാല്‍ പുതുമ നഷ്ടപ്പെടാതെ വീണ്ടും ഉപയോഗിക്കാനാകും. ഇന്നത്തെ കാലത്ത് പലരും രണ്ടും മൂന്നും ദിവസത്തേക്കുള്ള ഭക്ഷണം ഒറ്റയടിക്ക് ഉണ്ടാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണ് പതിവ്.
എന്നാല്‍ മഴക്കാലത്ത് ഈ രീതിക്ക് അധികം ശ്രദ്ധ കൊടുത്തില്ലെങ്കില്‍ വയറിന് എട്ടിന്റെ പണി കിട്ടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മഴക്കാലത്തെ ഈര്‍പ്പവും നനവും ഭക്ഷണം സൂക്ഷിക്കുന്നതിന് വെല്ലുവിളിയാണ്. സുരക്ഷിതമെന്നു നാം കരുതുന്ന ഭക്ഷണം പോലും ക്ഷീണം അസിഡിറ്റി. ഗ്യാസ്ട്രബിള്‍ എന്നിവയ്ക്ക് കാരണമാകും.
ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ ഭക്ഷണം കൂടുതല്‍ നേരം ഇരിക്കുമ്പോള്‍ അവയില്‍ ബാക്ടീരിയ വളരുന്നു. ആഹാരത്തിലെ പോഷക സാന്നിധ്യവും കുറയുന്നു. ഇങ്ങനെ സൂക്ഷിക്കുന്ന ഭക്ഷണത്തിന് ദുര്‍ഗന്ധം ഒന്നും അനുഭവപ്പെട്ടില്ലെങ്കില്‍ പോലും ബാക്ടീരിയകള്‍ ഉണ്ടാകാം. ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മഴക്കാലത്ത് ചോറ്, പരിപ്പ്, കടല, തേങ്ങ കൊണ്ടുള്ള വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒരു ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കരുത്. കാരണം മഴക്കാലത്ത് ദഹനപ്രക്രിയ മന്ദഗതിയില്‍ ആയിരിക്കും. പഴക്കമുള്ള ഭക്ഷണം കഴിക്കുമ്പോള്‍ അത് വയറിളക്കം, വയറുവേദന ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. മഴക്കാലത്ത് കൂടുതല്‍ ഭക്ഷണം ഉണ്ടാക്കി പാഴാക്കുന്നതിനു പകരം കുറഞ്ഞ അളവില്‍ തയ്യാറാക്കുക. ഉണ്ടാക്കിയ ഭക്ഷണം പരമാവധി 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ കഴിക്കുക. കാരണം ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ ഇരിക്കുന്തോറും അത് കേടാകാന്‍ തുടങ്ങും. മഴക്കാലത്തും വേനല്‍ക്കാലത്താണെങ്കിലും ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കുക. കൂടുതല്‍ ചൂടാക്കുന്തോറും അതിലെ പോഷകങ്ങള്‍ നഷ്ടമാവുകയും ബാക്ടീരിയ വളരുകയും ചെയ്യും.

