ചരിത്രം വഴിമാറുന്നു, മിസോറാം തലസ്ഥാനം ഐസ്വാളിനു തൊട്ടുവരെ ട്രെയിനെത്തുന്നു

ഐസ്വാള്‍: ഇതാണ് തലമുറകള്‍ കാത്തിരുന്ന നിമിഷം. ഒടുവിലിതാ ആ നിമിഷം യാഥാര്‍ഥ്യമാകാന്‍ പോകുന്നു. മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാള്‍ ഇന്ത്യയുടെ റെയില്‍വേ ഭൂപടത്തില്‍ ഇടം കണ്ടെത്തുന്നു. 51.38 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈരാബി-സൈരാങ് റെയില്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഇതുവരെയുള്ള ചരിത്രത്തില്‍ തീവണ്ടിയുടെ ചൂളംവിളിയില്ല. ആകെക്കൂടി എത്താന്‍ കഴിയുന്നത് ആസാമിന്റെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ബൈരാബി വരെ മാത്രം. അവിടം വടക്കു കിഴക്കിലെ അവസാനത്തെ റെയില്‍വേ സ്റ്റേഷനാണ്. ഇനി അവിടെ നിന്നു സൈരാങ് വരെ റെയില്‍ പാളം എത്തുന്നു. ഇതിനു രണ്ടിനുമിടയിലായി ഹോര്‍ട്ടോകി, കാണ്‍പുയി, മുവല്‍ഖാങ് എന്നിങ്ങനെ മൂന്നു സ്റ്റേഷനുകള്‍ കൂടി വരുന്നു. സൈരാങ്ങില്‍ നിന്ന് മിസോറാം തലസ്ഥാനമായ ഐസ്വാളിലേക്ക് വെറും 22 കിലോമീറ്റര്‍ മാത്രം ദൂരം. അതായത് ഐസ്വാള്‍ റെയില്‍വേ ഭൂപടത്തില്‍ വരുന്നതിനു തുല്യം തന്നെയായി ഈ വികസനം മാറുന്നു. ബ്രോഡ് ഗേജില്‍ നിര്‍മിച്ച ഈ പാതയിലൂടെ മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ക്ക് ഓടാനാകും.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം തുടങ്ങിയ ആലോചനകളാണ് ഇത്രയും കാലത്തിനു ശേഷം ഫലം കണ്ടിരിക്കുന്നത്. രണ്ടായിരാമാണ്ടില്‍ തന്നെ ഇതിനു ഭരണപരമായ അനുമതി ലഭിച്ചുവെങ്കിലും രണ്ടാം മന്‍മോഹന്‍ സിങ് മന്ത്രിസഭയുടെ കാലത്താണ് കാര്യമായ പുരോഗതിയുണ്ടാകുന്നത്. അവസാനം മോദിയുടെ ഭരണത്തില്‍ പണി തുടങ്ങുകയും പൂര്‍ത്തിയാക്കുകയും ചെയ്തിരിക്കുന്നു.
ഈ പാതയിലാകെ അമ്പതു ടണലുകളും 150 പാലങ്ങളുമാണ് പാളത്തിന്റെ പണിക്കായി നിര്‍മിക്കേണ്ടി വന്നത്. ചില പാലങ്ങള്‍ക്ക് നദിയില്‍ നിന്ന് 81 മീറ്ററാണ് ഉയരം. ദുര്‍ഗമമായ വനത്തിലൂടെയാണ് ചിലയിടത്ത് പാളം കടന്നു പോകുന്നത്.