എംഎല്‍എ സ്ഥാനത്ത് കടിച്ചുതൂങ്ങാന്‍ രാഹുല്‍, പക്ഷേ കളം അത്ര പന്തിയല്ലെന്നു മാത്രം

പത്തനംതിട്ട: എംഎല്‍എ സ്ഥാനത്തു പിടിച്ചു നില്‍ക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ് ചാറ്റില്‍ തെന്നി വീണ രാഹുല്‍ മാങ്കൂട്ടത്തില്‍. രാജി വയ്ക്കുന്ന കാര്യം ആലോചനയില്‍ പോലുമില്ലെന്നാണ് രാഹുല്‍ ഒരു സ്വകാര്യ ചാനലിനോടു വ്യക്തമാക്കിയത്. വെറും ആരോപണമല്ലാതെ പരാതിയോ കേസോ ഇതുവരെയില്ലാത്ത കാര്യമാണിത്. എങ്കില്‍ കൂടി ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ പാര്‍ട്ടിയിലെ ഉത്തരാവിദിത്വമൊഴിഞ്ഞ് മാറിനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം കൂടി രാജിവയ്ക്കണമെന്നു പറയുന്നതില്‍ ഒരു കഴമ്പുമില്ല. ആരോപണത്തെ സംബന്ധിച്ച് തന്റെ വശം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാനുള്ള സമയം വരുന്നതേയുള്ളൂ. എല്ലാ കാര്യങ്ങളും അവരെ പറഞ്ഞു ബോധ്യപ്പെടുത്തും. എന്നാണ് രാഹുല്‍ തന്റെ നിലപാടായി അറിയിച്ചത്.
എന്നാല്‍ കാര്യങ്ങള്‍ രാഹുലിന് അത്ര സുഗമമായിരിക്കില്ലെന്ന സൂചനയാണ് പാര്‍ട്ടിയില്‍ നിന്നു ലഭിക്കുന്നത്. രണ്ടു മാസത്തിനകം തദ്ദേശ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പ് വരികയാണ്. പത്തു മാസത്തിനുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പും വരികയാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ക്ലീന്‍ ഇമേജാണ് ആവശ്യം. രാഹുല്‍ രാജിവച്ചാല്‍ അതു ക്ലീന്‍ ഇമേജ് സംരക്ഷിക്കാന്‍ സഹായിക്കും എന്ന നിലപാടിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം. സമാനമായ ആരോപണം നേരിട്ട മുകേഷ് എംഎല്‍എ ആയും എ കെ ശശീന്ദ്രന്‍, ഗണേഷ് കുമാര്‍ എന്നിവര്‍ മന്ത്രിമാരായും തുടരുമ്പോള്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് എംഎല്‍എ സ്ഥാനം രാഹുല്‍ രാജിവച്ചാല്‍ അതു കോണ്‍ഗ്രസിനു വളരെ അനായാസം ധാര്‍മികതയുടെ മേല്‍ക്കൈ നേടിക്കൊടുക്കുമെന്നാണ് ഈ നിലപാടുള്ള നേതൃത്വം കരുതുന്നത്. വി ഡി സതീശനും ഇതേ അഭിപ്രായക്കാരനാണെന്ന ചിത്രമാണ് പുറത്തേക്കു വരുന്നത്.