തിരുവനന്തപുരം: കേസുകളും എതിര്‍പ്രചാരണങ്ങളും അതിന്റെ വഴിക്ക് പോകുമ്പോള്‍ ജനപ്രതിനിധിയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്ന് ആരംഭിച്ച നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് രാഹുല്‍ സഭയിലെത്തിച്ചേര്ന്നു. രാഹുലിനെ പ്രതിപക്ഷ ബ്ലോക്കില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് സ്പീക്കര്‍ക്കു നേരത്തെ കത്തു നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ രാഹുലിന് പ്രത്യേക സീറ്റ് അനുവദിച്ചു. കഴിഞ്ഞ നിയമസഭാ സ്മ്മേളനത്തില് ഭരണപക്ഷത്തു നിന്നു മാറിയ പി വി അന്‍വറിന് അനുവദിച്ച അതേ സീറ്റ് തന്നെയാണ് രാഹുലിന് ഇക്കുറി നല്‍കിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ താല്പര്യത്തിനു വിരുദ്ധമായാണ് രാഹുല്‍ സഭയില്‍ എത്തിയിരിക്കുന്നത് എന്നാണറിയുന്നത്. രാഹുലിന്റെ സാന്നിധ്യം സഭയില്‍ പ്രതിപക്ഷത്തിന്റെ പോരാട്ട വീര്യം കുറയ്ക്കുമെന്ന അഭിപ്രായമാണ് സതീശനുള്ളത്. എന്നു മാത്രമല്ല രാഹുലിന്റെ സസ്പെന്‍ഷന്റെ മുഴുവന്‍ ഉത്തരവാദിത്വവും താന്‍ സ്വയം ഏറ്റെടുക്കുന്നുവെന്നും സതീശന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാല്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് സഭയിലെ രാഹുലിന്റെ സാന്നിധ്യമെന്നു കരുതപ്പെടുന്നു. കോണ്‍ഗ്രസിനുള്ളില്‍ പഴയ എ ഗ്രൂപ്പ് സജീവമായി രാഹുലിനു വേണ്ടി നിലവിലുണ്ട്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനൊപ്പമാണ് രാഹുല്‍ സഭയിലേക്കെത്തിയത്. ഷാഫി പറമ്പില്‍, പി സി വിഷ്്ണുനാഥ് തുടങ്ങിയവരാണ് രാഹുലിനു വേണ്ടി സജീവമായി രംഗത്തുള്ളതെന്നാണ് അറിയുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുന്‍ പ്രസിഡന്റ് കെ മുരളീധരന് എന്നിവര്‍ രാഹുല്‍ സഭയില്‍ വരുന്നതിനെ അനുകൂലിക്കുന്നവരാണ്.
വി എസ് അച്യുതാനന്ദന്, വാഴൂര്‍ സോമന്, പി പി തങ്കച്ചന് എന്നിവരെ അനുസ്മരിക്കുന്നതു മാത്രമായിരുന്നു ഇന്നത്തെ സഭാനടപടികള്‍. അതിനാല്‍ രാഹുലിന് അധികം സമയം സഭയില്‍ ചെലവഴിക്കേണ്ടി വന്നില്ല.
രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തി, ഇതേ ചൊല്ലി കോണ്‍ഗ്രസില്‍ ചേരിതിരിവ്

