മുന്നില്‍ വഴികളെല്ലാം അടയുന്നു, രാഹുല്‍ എത്രനാള്‍ കടിച്ചുതൂങ്ങും. ഇനിയെന്തു ചെയ്യും

തിരുവനന്തപുരം: ഒരു ട്രാന്‍സ്ജന്‍ഡറില്‍ നിന്നും പല സ്ത്രീകളില്‍ നിന്നും ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം രാജിവയ്ക്കാതെ രക്ഷയില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. വഴികളെല്ലാം അടയുന്ന സാഹചര്യത്തില്‍ ഏതു നിമിഷവും അദ്ദേഹം രാജിവച്ചേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, വി എം സുധീരന്‍, ഉമ തോമസ് എംഎല്‍എ, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരെല്ലാം കടുത്ത നിലപാടുമായി രാഹുലിനെതിരേ രംഗത്തെത്തിയിരിക്കുകയാണ്. അവസാനമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും രാഹുല്‍ രാജി വയ്ക്കണമെന്ന നിലപാട് സ്വീകരിച്ചു കഴിഞ്ഞു. അതായത് പാര്‍ട്ടിയില്‍ രാഹുല്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. ഷാഫി പറമ്പില്‍ മാത്രമായി എത്ര വിചാരിച്ചാലും രാഹുലിനെ രക്ഷിച്ചു നിര്‍ത്താനാവില്ല എന്ന അവസ്ഥയിലെത്തിയിരിക്കുന്നു.
സ്ത്രീകള്‍ക്കാര്‍ക്കും പരാതിയില്ല എന്ന സാങ്കേതികത്വത്തില്‍ തൂങ്ങി പാര്‍ട്ടിയുടെ മൊത്തം പ്രതിച്ഛായ നശിപ്പിക്കാന്‍ രാഹുലിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്നവരാണ് മഹാഭൂരിപക്ഷം സാധാരണ പ്രവര്‍ത്തകരും. എന്നു മാത്രമല്ല രാഹുലിനെതിരേ പുതിയ പരാതികളും പുതിയ ആരോപണങ്ങളും വരാന്‍ സാധ്യതയുണ്ടെന്നും നേതാക്കന്‍മാര്‍ വിലയിരുത്തുന്നു. രാജി വച്ചില്ലെങ്കില്‍ പുറത്താക്കി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ സഹായിക്കുന്ന വിധത്തില്‍ ധാര്‍മികമായ മേല്‍ക്കൈ കൈവരിക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാജി എന്ന ആവശ്യത്തിലേക്ക് രാഹുലും അടുക്കുകയാണെന്ന് ഞായറാഴ്ച രാവിലത്തെ ഒരു സാമൂഹ്യ മാധ്യമ പോസ്റ്റ് സൂചന നല്‍കുന്നു. രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയുടെ ചിത്രം പങ്കുവച്ചുകൊണ്ട് പാര്‍ട്ടിയാണ് വലുതെന്ന സന്ദേശം വ്യക്തമായി രേഖപ്പെടുത്തുകയാണ് രാഹുല്‍ ചെയ്തിരിക്കുന്നത്.