പത്തനംതിട്ട: വിവാദങ്ങള്‍ കത്തിനില്‍ക്കെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശബരിമലയില്‍ ദര്‍ശനത്തിനെത്തി. ഇന്നലെ പുലര്‍ച്ചെ അഞ്ചിനു നട തുറന്നപ്പോഴായിരുന്നു രാഹുല്‍ സന്നിധാനത്തിലെത്തിയതും തൊഴുതിറങ്ങിയതും. ബുധനാഴ്ച രാത്രി പത്തു മണിയോടെ പമ്പയിലെത്തി കെട്ടു നിറച്ച ശേഷമാണ് ഇന്നലെ പുലര്‍ച്ചെ മലചവിട്ടിയത്. രാത്രി വന്നപ്പോഴേക്കും നട അടച്ചുപോയതിനാലാണ് ദര്‍ശനം ഇന്നലെ പുലര്‍ച്ചെയിലേക്കു മാറ്റേണ്ടിവന്നത്.
ഇപ്പോള്‍ നിയമസഭാ സമ്മേളനം നടക്കുകയാണെങ്കിലും ആദ്യ ദിവസം അല്പ സമയം മാത്രമാണ് രാഹുല്‍ സഭയിലെത്തിയത്. കോണ്‍ഗ്രസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തതായി സ്പീക്കര്‍ക്ക് കത്തു ലഭിച്ചതിനാല്‍ പ്രതിപക്ഷ നിരയ്ക്കു പിന്നില്‍ പ്രത്യേകം സീറ്റാണ് അനുവദിച്ചത്. കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ രാഹുലിനോട് അടുപ്പമുളളവര്‍ തല്ക്കാലം സഭയില്‍ നിന്നു വിട്ടു നില്‍ക്കുന്നതാകും ഉചിതമെന്നു നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നു പറയുന്നു പിന്നീട് സഭയില്‍ ഹാജരായതുമില്ല. അവധി അപേക്ഷ സ്പീക്കര്‍ക്കു നല്‍കാതെയാണ് മാറിനില്‍ക്കുന്നതെങ്കിലും അതിനു നിയമപരമായി തടസമൊന്നുമില്ല. വിവാദമുണ്ടായതു മുതല്‍ തന്റെ നിയമസഭാ മണ്ഡലത്തിലും പ്രത്യക്ഷപ്പെടാതിരിക്കുന്ന രാഹുല്‍ സഭാ സമ്മേളനത്തില്‍ നിന്ന് ഒഴിവായതിനാല്‍ ഇനി മണ്ഡലത്തില്‍ സജീവമാകുമെന്നാണ് സൂചനകള്‍.
രാഹുല്‍ മാങ്കൂട്ടത്തില്‍ രഹസ്യമായി ശബരിമലയില്‍ ദര്‍ശനത്തിനെത്തി, വിവാദങ്ങളില്ലാതെ തൊഴുതു, മടങ്ങി

