രാഹുല്‍ മാങ്കൂട്ടത്തിന്റെ പടിയിറങ്ങല്‍ തുടരുന്നു. ഇനി 6 മാസം കോണ്‍ഗ്രസുകാരനേയല്ല

തിരുവനന്തപുരം: ശൃംഗാര വിവാദത്തില്‍ തുടങ്ങി നിര്‍ബന്ധിത ഗര്‍ഭച്ഛിദ്ര, ലൈംഗിക പീഢന പരാതികളില്‍ വരെ പ്രതിസ്ഥാനത്തു നില്‍ക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ആറു മാസത്തേക്കാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും രാഹുല്‍ പുറത്തായി. സെപ്റ്റംബര്‍ 15ന് ആരംഭിക്കുന്ന അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമസഭയ്ക്കുള്ളില്‍ പ്രതിപക്ഷ നിരയില്‍ നിന്നു മാറി പ്രത്യേക ബ്ലോക്കായി രാഹുല്‍ തനിച്ച് ഇരിക്കേണ്ടി വരും. സസ്‌പെന്‍ഷനില്‍ രാഹുല്‍ നില്‍ക്കെ കെപിസിസി രാഹുലിനെതിരായ വെളിപ്പെടുത്തലുകളില്‍ അന്വേഷണം നടത്തും. അന്വേഷണത്തില്‍ കുറ്റക്കാരനായി കാണുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കും.
രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നായിരുന്നു ഇന്നലെ വരെയുള്ള അഭ്യൂഹം. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തു നിന്നും ഉയര്‍ന്ന സമ്മര്‍ദത്തെ ചെറുത്തു നില്‍ക്കാനായിരുന്നു രാഹുലിന്റെ ശ്രമം. അതേ തുടര്‍ന്നാണ് പ്രാഥമികാംഗത്വത്തില്‍ നിന്നു തന്നെ സസ്‌പെന്‍ഡു ചെയ്യാനുള്ള ഇന്നത്തെ തീരുമാനം. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം രാഹുല്‍ നേരത്തെ രാജി വച്ചിരുന്നു. വിവാദത്തിന്റെ തുടക്കത്തില്‍ തന്നെയായിരുന്നു ഇത്. പിന്നീടാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്.