പെണ്ണുകേസില്‍ കുരുങ്ങിയ രാഹുലിന് ഇരട്ടിക്കുരുക്കായി കൂടുതല്‍ കേസുകെട്ടുകള്‍ വരുന്നു

തിരുവനന്തപുരം: പെണ്‍വേട്ടക്കേസില്‍ വല്ലാതെ നാറിയും കുരുങ്ങിയും നില്‍ക്കുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തിനു കൂടുതല്‍ കുരുക്കുകള്‍ തീര്‍ത്തുകൊണ്ട് രണ്ടു കേസുകള്‍ കൂടി. സ്ത്രീകളെ പിന്നാലെ നടന്നു ശല്യപ്പെടുത്തിയതിനും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചതിനുമാണ് പുതിയ കേസുകള്‍. സ്ത്രീകളെ ശല്യപ്പെടുത്തിയതിനുള്ള കേസ് എടുക്കാന്‍ ഇന്നലെ വൈകുന്നേരമാണ് തീരുമാനമായത്. വ്യാജ ഐഡി നിര്‍മാണ കേസ് രാവിലെ തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ശനിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
പ്രതികളിലൊരാളുടെ മൊബൈലി്ല്‍ നിന്നു ലഭിച്ച ശബ്ദ സന്ദേശത്തില്‍ രാഹുലിന്റെ പേരു വന്നതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുല്‍ രാജിവച്ചതിനാല്‍ ഇപ്പോള്‍ കേസിനാസ്പദമായ പദവി സംബന്ധിച്ച ഉത്തരവാദിത്വങ്ങളൊന്നുമില്ലെങ്കിലും അതുമായി ബന്ധപ്പെട്ട പരാതികളിലെ അന്വേഷണം കുരുക്കു കൂടുതല്‍ മുറുക്കാനേ സഹായിക്കൂ എന്നു വിലയിരുത്തപ്പെടുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കി എന്നാണ് രാഹുലിനെതിരേ ഇതു സംബന്ധിച്ച കേസ്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെയും രാഹുലിനെ ചോദ്യം ചെയ്തിരുന്നതാണ്. എന്നാല്‍ തെളിവൊന്നും അന്വേഷക സംഘത്തിന്റെ കൈവശമില്ലായിരുന്നതിനാല്‍ അപ്പോള്‍ പ്രതി ചേര്‍ത്തിരുന്നില്ല. ഇപ്പോള്‍ ശബ്ദസന്ദേശത്തിലൂടെ തെളിവു ലഭിച്ചെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആദ്യം മ്യൂസിയം പോലീസാണ് കേസ് അന്വേഷിച്ചതെങ്കില്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നതെന്ന വ്യത്യാസവുമുണ്ട്.
ഇതേ കേസില്‍ നേരത്തെ ആറുപേരെ അറസ്റ്റുചെയ്തിരുന്നു. അതില്‍ രാഹുലിന്റെ ഉറ്റമിത്രമായ ഫെനി നൈനാനും ഉള്‍പ്പെട്ടിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ വീണ്ടെടുക്കാനായ ശബ്ദസന്ദേശങ്ങളിലൊന്നില്‍ രാഹുലിന്റെ പേരും പരാമര്‍ശിക്കുന്നെണ്ടാണ് ക്രൈംബ്രാഞ്ച് പറയുന്നത്.