പട്ടികയില്‍ തെറ്റോ, പറയേണ്ടപ്പോള്‍ പറയാഞ്ഞതെന്ത്-ഇലക്ഷന്‍ കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച രാജ്യമെങ്ങും പ്രതിഷേധം കത്തിനില്‍ക്കെ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. ഇതു സംബന്ധിച്ച് ഇന്നു പുറത്തിറക്കിയ പത്രക്കുറിപ്പ് ആരോപണമുന്നയിച്ച രാഹുല്‍ ഗാന്ധിക്കു പേരു പറയാതെ നല്‍കുന്ന മറുപടിയുമായി. വോട്ടര്‍ പട്ടിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കിയിരുന്നെന്നും കൃത്യമായ സമയത്ത് ചൂണ്ടിക്കാണിച്ചിരുന്നെങ്കില്‍ തെറ്റുകള്‍ തിരുത്താന്‍ കഴിയുമായിരുന്നെന്നുമാണ് കമ്മീഷന്റെ പത്രക്കുറിപ്പിലുള്ളത്. നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കെയാണ് അതിനു പുറമെ ഇന്നു പത്രക്കുറിപ്പു കൂടിയിറക്കിയിരിക്കുന്നത്.
കരടു വോട്ടര്‍ പട്ടിക എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കിയിരുന്നു. പേപ്പര്‍ കോപ്പി മാത്രമല്ല, ഡിജിറ്റല്‍ കോപ്പിയും നല്‍കിയിരുന്നതാണ്. ഈയിടെയായി ചില രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും മുന്‍കാലങ്ങളില്‍ തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ പിശകുകളെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നു. പ്രശ്‌നങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശരിയായ മാര്‍ഗത്തിലൂടെ ഉന്നയിച്ചിരുന്നെങ്കില്‍ ആ തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ അവ തിരുത്താന്‍ കഴിയുമായിരുന്നെന്നു കമ്മീഷന്‍ പറയുന്നു.