ഹരിയാന വിജയം ബിജെപി കട്ടെടുത്തത്, ആരോപണവുമായി രാഹുല്‍, എട്ടിലൊരു വോട്ട് വ്യാജ വോട്ട്

ന്യൂഡല്‍ഹി: ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാനയിലെ എല്ലാ അഭിപ്രായ സര്‍വേകളും ചൂണ്ടിക്കാട്ടിയത് കോണ്‍ഗ്രസിന്റെ വിജയമാണ്. വോട്ടെടുപ്പിനു ശേഷമുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസിന്റെ വിജയം തന്നെയാണ് പ്രവചിച്ചത്. എന്നാല്‍ വിജയം ബിജെപിക്കായതിനു പിന്നില്‍ ഒരു സംസ്ഥാനത്തെ മൊത്തമായി തട്ടിയെടുത്തതിന്റെ ചിത്രമാണ് തരുന്നതെന്ന് രാഹുല്‍ ഗാന്ധി കണക്കുകള്‍ സഹിതം ആരോപിക്കുന്നു.

ഹരിയാനയില്‍ നടന്നത് 25 ലക്ഷം വോട്ടുകളുടെ മോഷണമാണ്. ഇതില്‍ 5.1 ല്ക്ഷം ഇരട്ട വോട്ടുകളാണ്, 93174 അസാധു വോട്ടുകളാണ്, 19.24 ലക്ഷം കൂട്ട വോട്ടുകളാണ്. ഇതനുസരിച്ച് ഹരിയാനയിലെ ഓരോ എട്ടിലൊരു വോട്ടും വ്യാജ വോട്ടുകളാണ്. ഇതിലൂടെ ഒരു സംസ്ഥാനത്തെ തന്നെ മോഷ്ടിച്ചു കടത്തിയിരിക്കുന്നു. ഇത് ഒരു നിയോജക മണ്ഡലത്തില്‍ മാത്രമായി നടത്തിയ മോഷണമല്ല, സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ വലിയ വോട്ട് മോഷണമാണ്. രാഹുല്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തു ചേര്‍ന്ന് ഗൂഢാലോചന നടത്തി നടപ്പാക്കിയ വലിയ പദ്ധതിയാണ് ഹരിയാനയിലേത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും നടന്നിരിക്കുന്നത് ഇതു തന്നെയാണ്. ഇതില്‍ ഹരിയാനയിലെ മാത്രം ഉദാഹരണത്തിലേക്ക് തങ്ങള്‍ ആഴത്തില്‍ കടന്നു ചെന്ന് പഠനം നടത്തിയിരിക്കുകയാണ്. അവിടെ യഥാര്‍ഥത്തില്‍ നടന്നതെന്താണെന്ന് മനസിലായത് ഈ പഠനത്തിലൂടെയാണ്.

ഇന്ത്യയിലെ പുതു തലമുറയായ ജെന്‍ സെഡാണ് ഇക്കാര്യം മനസിലാക്കേണ്ടത്. കാരണം ഇതു തങ്ങളുടെ ഭാവിയുടെ പ്രശ്‌നമാണെന്ന് അവര്‍ തിരിച്ചറിയണം. ഈ പ്രശ്‌നത്തില്‍ താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും ഇന്ത്യയില്‍ ഇവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനാധിപത്യമെന്നു വിളിക്കുന്ന ക്രമത്തെയും ചോദ്യം ചെയ്യുകയാണ്. നൂറു ശതമാനം തെളിവുകളോടെയാണ് ആരോപണം ഉന്നയിക്കുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസിനു ലഭിക്കേണ്ടിയിരുന്ന തകര്‍പ്പന്‍ വിജയത്തെ അട്ടിമറിച്ച രീതിയാണിത്.

വെറും 22000 വോട്ടിനാണ് ഹരിയാനയില്‍ കോണ്‍ഗ്രസിനു ഭരണം നഷ്ടമായത്. ഒരു യുവതി പത്തു ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്തു. ഈ യുവതി ഒരു ബ്രസീലിയന്‍ മോഡലാണ്. 25 ലക്ഷം വോട്ട് കൊള്ളയുടെ ഉദാഹരണമാണ് ഈ യുവതി. ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ ഈ യുവതി ഇടം പിടിച്ചതെങ്ങനെയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഒരേ ചിത്രം ഉപയോഗിച്ചിരിക്കുമ്പോള്‍ പോലും ഓരോ ബൂത്തിലും ഇവര്‍ക്ക് വ്യത്യസ്ത പേരുകളാണ്. സീമയെന്നും സ്വീറ്റിയെന്നും സരസ്വതിയെന്നും രശ്മിയെന്നും വിമലയെന്നും പേരുകള്‍ മാറിമാറി ഉപയോഗിച്ചിരിക്കുന്നു. യഥാര്‍ഥത്തില്‍ ഈ ചിത്രത്തിലുള്ളത് ബ്രസീലിലെ ഒരു മോഡലാണ്. രാഹുല്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *