രണ്ടോ മൂന്നോ ലക്ഷത്തിനു ഭൂട്ടാനില്‍ വാങ്ങുന്ന വണ്ടി പത്തിരട്ടി വിലയ്ക്കു കേരളത്തിലെത്തിച്ചു വില്‍പന

കൊച്ചി: ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് സൈന്യം ഉപേക്ഷിച്ച വാഹനങ്ങളും വിന്റേജ് വാഹനങ്ങളും അനധികൃതമായി കടത്തുന്ന വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായ വിവരത്തെ തുടര്‍ന്ന് വിപുലമായ അന്വേഷണം. ഭൂട്ടാനില്‍ നിന്ന് ഹിമാചല്‍ പ്രദേശില്‍ വാഹനങ്ങളെത്തിക്കുകയും അവിടെ നിന്ന് ഇന്ത്യന്‍ നമ്പരില്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങളില്‍ വിറ്റഴിക്കുകയുമാണ് ഈ സംഘം ചെയ്യുന്നത്. ഇതിന്റെ പിന്നില്‍ രാജ്യവ്യാപകമായി വന്‍ റാക്കറ്റാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കരുതുന്നു. ഇത്തരത്തില്‍ ഇരുപതോളം വാഹനങ്ങള്‍ കേരളത്തിലും എത്തിയിട്ടുണ്ട്. ഇവയില്‍ പലതും കെഎല്‍ സീരീസിലുള്ള രജിസ്‌ട്രേഷനും സമ്പാദിച്ചിട്ടുണ്ട്. ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് റോവര്‍ എന്നിങ്ങനെയുള്ള ആഡംബര വാഹനങ്ങളാണ് ഇങ്ങനെ കടത്തിയിരിക്കുന്നതിലേറെയും. രണ്ടോ മൂന്നോ ലക്ഷം രൂപയ്ക്ക് അവിടെ ലേലത്തിലും മറ്റും വാങ്ങുന്ന വാഹനങ്ങളാണ് ഇത്തരത്തില്‍ വിറ്റഴിക്കപ്പെടുന്നത്.