നന്നായി പഠിച്ച് പണി കിട്ടിയതിന് അമേരിക്കക്കാര്‍ ഇങ്ങനെ പറയാമോ

ന്യൂയോര്‍ക്ക്: തൊലിയുടെ നിറം നോക്കി ഏഷ്യക്കാരെന്നു തിരിച്ചറിഞ്ഞ് വിദ്യാര്‍ഥികള്‍ക്കു നേരെ ഇന്‍സ്റ്റഗ്രാമില്‍ അമേരിക്കക്കാരുടെ പുലയാട്ട്. ഒടുവിലത്തെ ഉദാഹരണമായി വന്നിരിക്കുന്നത് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ ടാന്‍ഡന്‍ സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ നേരിട്ട അനുഭവമാണ്.
അവിടെ ബിരുദദാന ചടങ്ങായ കൊണ്‍വൊക്കേഷന്‍ കഴിയുമ്പോള്‍ ഒരാള്‍ വിദ്യാര്‍ഥികളെ സമീപിക്കുന്നു. അവരുടെ ഭാവി പദ്ധതികള്‍ ആരായുന്നു. ചിലര്‍ തങ്ങള്‍ക്കു ഗൂഗിളില്‍ ജോലി കിട്ടിയെന്നു പറയുന്നു, ചിലര്‍ ആമസോണില്‍ കിട്ടിയെന്നു പറയുന്നു. അഭിമുഖമെടുത്തയാള്‍ ഇതെല്ലാം ചേര്‍ത്ത് @nyutandon എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുന്നു. എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ ടെക് വ്യവസായത്തില്‍ തങ്ങള്‍ക്ക് ലഭിച്ച ജോലികള്‍ വെളിപ്പെടുത്തുന്നു എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. ഇതിനു താഴെയാണ് തെറിവിളി മുഴുവന്‍ വന്നിരിക്കുന്നത്.
ജോലികിട്ടിയവരൊക്കെ തെക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് മുന്‍കൂട്ടി തീരുമാനിച്ച രീതിയിലാണ് പ്രതികരണങ്ങള്‍. വിദേശികള്‍ അമേരിക്കന്‍ പൗരന്‍മാരില്‍ നിന്ന് ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍ മുഴുവന്‍ കട്ടെടുക്കുന്നുവെന്നാണ് ഒരാളെഴുതിയത്. അവരെല്ലാം ഏഷ്യക്കാരാണ്. അമേരിക്കയില്‍ പഠിക്കാന്‍ അവര്‍ക്ക് സ്‌കോളര്‍ഷിപ്പ് കൊടുത്തത് അമേരിക്കയാണ്. എന്നാല്‍ നികുതിയടയ്ക്കുന്നത് അമേരിക്കന്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കളായിട്ടും അമേരിക്കക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ കിട്ടുന്നില്ലെന്ന് മറ്റൊരാളുടെ വക ആക്ഷേപം.