ഖത്തറിനെന്താ കൊമ്പുണ്ടോ അടിവീഴുന്നിടത്തെല്ലാം വടി പിടിച്ചുമാറ്റാന്‍

ഖത്തര്‍: ഗാസയില്‍ യുദ്ധം മുറുകുമ്പോള്‍ കേള്‍ക്കുന്നത് ഒരേയൊരു പേര്-ഖത്തര്‍, ഇറാനെ ഇസ്രയേല്‍ ആക്രമിക്കുമ്പോള്‍ കേള്‍ക്കുന്നതും ഖത്തറിന്റെ പേര്. അഫ്ഗാനില്‍ താലിബാന്റെ മുന്നേറ്റം നടക്കുമ്പോഴും ഖത്തറിനെ വിളിക്കുന്നവരുടെ എണ്ണം കൂടുന്നു. ഖത്തറിനെന്താ കൊമ്പുണ്ടോ എന്നു ചോദിക്കരുത്. ഏഷ്യയിലെവിടെ യുദ്ധമോ പ്രശ്‌നമോ ഉണ്ടായാലും ഇടപെടാനും നയതന്ത്രപരമായ പരിഹാരം കണ്ടെത്താനും ഖത്തറിലേക്ക് കണ്ണുകള്‍ നീളുന്നു. ഓര്‍ക്കുക, കേരളത്തിന്റെ മൂന്നിലൊന്നില്‍ താഴെ മാത്രം വലുപ്പമുള്ളൊരു രാജ്യത്തിനു ലഭിച്ചിരിക്കുന്ന പദവിയാണിത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ചേര്‍ത്തുവച്ചാല്‍ എത്രയുണ്ടോ അത്രയുമേ ഖത്തര്‍ എന്ന സ്വതന്ത്ര പരമാധികാര രാജ്യമുള്ളൂ. എന്നിട്ടും എന്തൊരു പദവി.
ഖത്തറിന് സ്വാതന്ത്ര്യം കിട്ടുന്നതു തന്നെ 1971ലാണ്. അന്നുമുതല്‍ മറ്റ് അറബി രാജ്യങ്ങളെ അപേക്ഷിച്ച് കാര്യമായ പണമോ പച്ചയോ ഇല്ലാത്ത കുഞ്ഞന്‍ രാഷ്ട്രമായി ഖത്തര്‍ തുടരുകയായിരുന്നു. തലവര മാറുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. അപ്പോഴാണ് ഖത്തറിലെ അപരിമിതമായ പ്രകൃതിവാതക ശേഖരം കണ്ടെത്തുന്നത്. ഇതില്‍ നിന്നുള്ള പണം ഒഴുകാന്‍ തുടങ്ങിയതോടെ സാമ്പത്തികമായി ഈ കൊച്ചുരാജ്യമങ്ങു വളര്‍ന്നു. പണം വന്നതോടെ സ്വാധീനവും വന്നെന്നു പറയാതെ മനസിലാക്കാമല്ലോ.
ഇപ്പോഴത്തെ ഖത്തര്‍ അമീര്‍ 1995ല്‍ അധികാരത്തില്‍ കയറിയതോടെയാണ് സ്വന്തം രാജ്യത്തെ ആഗോള രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉന്നതമായ സ്ഥാനത്തെത്തിക്കണമെന്ന നിശ്ചയത്തോടെ കരുക്കള്‍ നീക്കാന്‍ തുടങ്ങിയത്. കാര്യം അദ്ദേഹം ഭരണം പിടിച്ചത് സ്വന്തം പിതാവിനെ സ്ഥാനഭ്രഷ്ടനാക്കിയായിരുന്നു. എങ്കിലും ആധുനിക ലോകത്തിനാവശ്യമായ കാഴ്ചപ്പാടുകളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. ഇതില്‍ ഏറ്റവും പ്രധാനമെന്നു വിളിക്കാവുന്നത് അല്‍ജസീറ എന്ന ചാനലിനു തുടക്കമിട്ടതാണ്.സര്‍ക്കാര്‍ നിയന്ത്രിത ചാനലായിരുന്നെങ്കിലും ഏതു സ്വകാര്യ ചാനലിനെയും വെല്ലുന്ന മാധ്യമ സമീപനത്തിലാണിതു വ്യത്യസ്തമായി നിന്നത്. അറബി ലോകത്തിന്റെ സ്വരം ലോകത്താകെ എത്തിക്കാന്‍ കഴിഞ്ഞത് അല്‍ജസീറയ്ക്കായിരുന്നു. മതപരമായ ഔന്നത്യം സൗദി അറേബ്യയ്ക്കുണ്ടായിരുന്നെങ്കിലും അവര്‍ക്കൊരു അല്‍ ജസീറയില്ലായിരുന്നു. സാംസ്‌കാരികമായ ഔന്നത്യം ഈജിപ്തിനുണ്ടായിരുന്നെങ്കിലും അവര്‍ക്കുമൊരു അല്‍ജസീറ ഇല്ലായിരുന്നു. ഫലമോ സൗദിയുടെയായാലും ഈജിപ്തിന്റെയായാലും ഏത് അറബി രാജ്യത്തിന്റെയായാലും ശബ്ദമാകാന്‍ അല്‍ ജസീറയ്ക്കു സാധിച്ചു.
അടുത്ത പടിയായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അങ്ങേയറ്റം ഉദാരമാക്കി മാറ്റി. അതോടെ ബഹുരാഷ്ട്ര കമ്പനികള്‍ ഒന്നിനു പിന്നാലെ ഒന്നായി വന്നു. അവര്‍ക്കൊപ്പം തൊഴിലവസരങ്ങളും സാമ്പത്തിക വളര്‍ച്ചയും വന്നു. സ്‌പോര്‍ട്‌സിനെ പോലും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്താന്‍ ഖത്തറിനായതിന്റെ ഫലമാണ് 2022ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിക്കാനായത്. ഇതിനൊപ്പം ശക്തമായ സ്വന്തം ഫുട്‌ബോള്‍ ടീമിനു രൂപം നല്‍കുകയും ചെയ്തു.
ആഗോള നയതന്ത്രത്തിന്റെ നായകസ്ഥാനം ലഭിക്കാന്‍ ലോകം മുഴുവന്‍ മിത്രങ്ങളെ ഉണ്ടാക്കിയെടുത്തു. അതില്‍ ഒരു തരത്തിലുള്ള പ്രത്യയശാസ്ത്രമോ കൊടിയുടെ നിറമോ പ്രശ്‌നമായില്ല. അങ്ങനെയാണ് ഹമാസ് മുതല്‍ അമേരിക്കവരെയും ഇസ്രയേല്‍ മുതല്‍ ഇറാന്‍ വരെയുമുള്ള രാജ്യങ്ങളെല്ലാം ഖത്തറിനു വേണ്ടപ്പെട്ടവരായത്. എന്തായാലും ലോകത്തെവിടെ യുദ്ധമുണ്ടായാലും ഇന്നു കണ്ണുകള്‍ നീളുന്നത് ഖത്തറിലേക്കാണ്. ആഫ്രിക്കമുതല്‍ അമേരിക്ക വരെ ഖത്തര്‍ ഇടനില നിന്ന സമാധാന പ്രവര്‍ത്തനങ്ങളേ ഉണ്ടായിട്ടുള്ളൂ.